ആലപ്പുഴ: പെൻഷൻ വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും തിരിച്ചറിയൽ കാർഡ് നൽകി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് മാതൃകയായി. ഗുണഭോക്താവിന്റെ പേര്, അഡ്രസ് തുടങ്ങി പെൻഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ 2000ത്തോളം ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായാണ് പെൻഷൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഇതിനായി 5000 രൂപ വിനയോഗിച്ചു. 2253 പേർക്കാണ് നിലവിൽ പെൻഷൻ ലഭിക്കുന്നത്. 168 കർഷകത്തൊഴിലാളി പെൻഷൻ, 1165 വാർദ്ധക്യ പെൻഷൻ, 205 വികലാംഗ പെൻഷൻ, 22 അവിവാഹിത പെൻഷൻ, 693 വിധവാ പെൻഷൻ എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ കണക്ക്. അക്ഷയ സെന്റർ വഴിയാണ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങാതെ പെൻഷൻ വിവരങ്ങൾ അറിയാം. പെൻഷൻ മസ്റ്ററിംഗ് സമയത്തും തിരിച്ചറിയൽ കാർഡ് ഗുണഭോക്താക്കൾക്ക് ഏറെ സഹായകമായെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ പറഞ്ഞു. പെൻഷൻ ഐഡി നമ്പർ ഉൾപ്പടെ രേഖപ്പെടുത്തിയ കാർഡാണ് പഞ്ചായത്തിൽ നിന്നു വിതരണം ചെയ്യുന്നത്.