ചെലവ് ജമാഅത്ത് വക
കായംകുളം: 'മകളുടെ കല്യാണമാണ്. സഹായിക്കണം. ഒരു നിവൃത്തിയുമില്ല. അച്ഛനില്ലാത്ത കുട്ടിയാണ്. വീട്ടുവേല ചെയ്താണ് അവളെ പോറ്റിയത്..." ബിന്ദുവിന്റെ കണ്ണീരപേക്ഷ ചേരാവള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീനെ വല്ലാതുലച്ചു.
നുജുമുദ്ദീൻ വിവരം പള്ളി കമ്മിറ്റിയിൽ അവതരിപ്പിച്ചു. കല്യാണച്ചെലവുൾപ്പെടെ ഏറ്റെടുത്ത് പള്ളിമുറ്റത്ത് പന്തലിടാൻ ഏകകണ്ഠമായ തീരുമാനം. വധുവിനെ പത്ത് പവൻ അണിയിച്ച് രണ്ട് ലക്ഷം രൂപ സമ്മാനവും നൽകി സുമനസുകൾ ഇന്ന് അനുഗ്രഹിക്കും. നാഗസ്വരവും വായ്ക്കുരവയും പശ്ചാത്തലമൊരുക്കുന്ന ഹൈന്ദവ ആചാര പ്രകാരമുള്ള താലികെട്ട് രാവിലെ 11.30നും 12.30നും മദ്ധ്യേ. 3000 പേർക്ക് വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയിട്ടുണ്ട്. നവ ദമ്പതികളെ അനുഗ്രഹിക്കാൻ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരെയുൾപ്പെടെ പള്ളിക്കമ്മിറ്റി നേരിട്ട് ക്ഷണിച്ചു.
കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തൊട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തുമാണ് വിവാഹിതരാവുന്നത്. അഞ്ജു തന്നെ കണ്ടെത്തിയതാണ് ശരത്തിനെ.
സ്വർണപ്പണിക്കാരനായിരുന്ന അശോകൻ നാലു കൊല്ലം മുമ്പ് മരിച്ച ശേഷം വീട്ടുജോലികൾ ചെയ്താണ് ബിന്ദു കുടുംബം പുലർത്തുന്നത്. മകൻ അനന്തു.