kaithari

 പൂച്ചാക്കൽ മേഖലയിലെ കൈത്തറി മേഖല തകർച്ചയിൽ

പൂച്ചാക്കൽ: നെയ്ത്തുകാർക്ക് കൂലി മുടങ്ങിയതോടെ പൂച്ചാക്കൽ ഭാഗത്തെ കൈത്തറി മേഖല തകർച്ചയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ആറുമാസമായി കൂലി കിട്ടുന്നില്ലെന്നാണ് ആരോപണം. കൊയ്ത്തുമായി ബന്ധപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലേക്ക് നീങ്ങിയിരിക്കുന്നത്.

പാണാവള്ളിയിൽ 158ഉം തൈക്കാട്ടുശേരിയിൽ 112ഉം പള്ളിപ്പുറത്ത് 147ഉം കുടുംബങ്ങളാണ് നെയ്ത്ത് ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്നത്. നാട്ടിൻപുറങ്ങളിൽ വസ്ത്ര ലഭ്യതയ്ക്കായി പണ്ട് രാജാക്കന്മാരാണ് നെയ്ത്തുകാരെ സ്ഥലവും മറ്റു സൗകര്യങ്ങളും കൊടുത്ത് പല ഭാഗങ്ങളിലായി താമസിപ്പിച്ചിരുന്നത്. കുടുംബാംഗങ്ങളെല്ലാം ജോലിയിൽ പങ്കാളികളുമായിരുന്നു. കാലം മാറിയപ്പോൾ പാരമ്പര്യ തൊഴിൽ ചെയ്ത് ജീവിക്കാൻ നിവൃത്തിയില്ലാതെ ബഹുഭൂരിപക്ഷം പേരും നെയ്ത്തിനോട് വിടപറഞ്ഞു. പാണാവള്ളിയിലുള്ള കൈത്തറി സഹകരണ സംഘമാണ് കുറച്ചെങ്കിലും ഈ തൊഴിൽ മേഖലയെ പിടിച്ചു നിറുത്തിയിരുന്നത്. എന്നാൽ കൂലികിട്ടാതെ വന്നപ്പോൾ കാര്യങ്ങളാകെ തകിടം മറിഞ്ഞു.

കൈത്തറി മേഖലയെ പുനരുദ്ധരിക്കാൻ സർക്കാർ സ്‌കൂളുകളിൽ കൈത്തറി വസ്ത്രം എന്ന പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കൃത്യമായി കൂലികൊടുക്കാൻ വ്യവസായ വകുപ്പ് താത്പര്യം കാണിക്കുന്നില്ല. സഹകരണ സംഘം സ്വന്തം ഫണ്ടിൽ നിന്ന് തൊഴിലാളികൾക്ക് കുറച്ച് അഡ്വാൻസുകൾ നൽകി നിലനിറുത്താൻ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പറ്റുന്നില്ല. ഹാൻടെക്‌സിനുവേണ്ടി തുകർത്ത് നിർമ്മാണമായിരുന്നു കൂടുതലായി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ 200 രൂപയിൽ താഴെമാത്രമാണ് ഒരു ദിവസം മുഴുവൻ ജോലിചെയ്താലും കിട്ടിയിരുന്നത്. പുതിയ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ തൊഴിൽ രഹിതർക്ക് സർക്കാർ പരിശീലനവും സ്റ്റൈപ്പന്റുമൊക്കെ നൽകിയിട്ടും ഒരാൾപോലും മുന്നോട്ടു വന്നില്ല.

....................................................

 പാണാവള്ളിയിൽ നിലവിൽ 23 നെയ്ത്ത് തൊഴിലാളികൾ

 കൈത്തറി സംഘം സ്ഥിരമായി ജോലി നൽകുന്നത് 6 പേർക്ക്

 തൈക്കാട്ടുശേരിയിൽ നെയ്ത്തുകാർ 8 പേർ

 പള്ളിപ്പുറം കൈത്തറി സംഘത്തിൽ 6 നെയ്ത്തുകാർ

.................................................

'മറ്റു തൊഴിലൊന്നും അറിയാത്തതുകൊണ്ടു മാത്രമാണ് ഈ ജോലി ചെയ്യുന്നത്. കൈത്തറി മേഖലയിൽ ജോലി സ്ഥിരതയോ, യഥാസമയം കൂലിയോ കിട്ടുന്നില്ല. ഞങ്ങൾ അസംഘടിതരായതുകൊണ്ട് ഞങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ല'


(സിന്ധു ഹരികുമാർ)

......................................................

'പാരമ്പര്യ തൊഴിൽ മേഖലയ്ക്കുവേണ്ടി സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കൈത്തറി മേഖലയിൽ ജോലിചെയ്യുന്നവർക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. കൃത്യസമയത്ത് കൂലികൊടുത്താൽ തന്നെ അവർക്ക് വലിയ ആശ്വാസമായേനേ. വ്യവസായവകുപ്പ് പ്രത്യേക താത്പര്യം കാണിച്ചില്ലെങ്കിൽ കൈത്തറി മേഖല പ്രതിസന്ധിയിലാകും'


(കെ.കെ. രവീന്ദ്രൻപിള്ള, പ്രസിഡന്റ്, കൈത്തറി സഹകരണ സംഘം പാണാവള്ളി)