ഹരിപ്പാട് :ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 17ാം വാർഡ് മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി അരയകുളങ്ങര ക്ഷേത്രത്തിനു മുൻവശം മാലിന്യ നിർമാർജനയജ്ഞത്തിന്റെ ഉദ്ഘാടനം കൗൺസിലർ രജനി നിർവഹിച്ചു. റോട്ടറി ക്ലബിന്റെ ഈ വർഷത്തെ പ്രധാന പദ്ധതിയായ മാലിന്യ വിമുക്ത കേരളവും ഹരിത പെരുമാറ്റ ചട്ടവും എന്ന ലക്ഷ്യം മുൻ നിർത്തി റോട്ടറി ക്ലബ്‌ ഹരിപ്പാടും ഹരിപ്പാട് മുനിസിപ്പാലിറ്റിയും അരയകുളങ്ങര റസിഡന്റ്സ് അസോസിയേഷനും നങ്ങ്യാർകുളങ്ങര നോർത്ത് റസിഡന്റ് അസോസിയേഷനും സംയുക്തമായാണ് മാലിന്യ നിർമാർജനയജ്ഞം നടത്തുന്നത്. ഇതിനു ശേഷം ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 17 ാംവാർഡിലെ പൊതുവഴികളും പൊതു സ്ഥലങ്ങളും വൃത്തിയാക്കും. തുടർന്ന് വാർഡിലെ വീടുകൾ സന്ദർശിച്ചു തുണി സഞ്ചികളും ലഘു ലേഖകളും വിതരണം ചെയ്തു. ബോധവത്കരണ ക്ലാസ്സുകളും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി റെജി ജോൺ, അസിസ്റ്റന്റ് ഗവർണ്ണർ ആർ.ഓമനക്കുട്ടൻ, റോട്ടറി റവന്യൂ ഡിസ്ട്രിക്ട് ചെയർമാൻ എസ്.സലികുമാർ, കൗൺസിലർ വിവേക്, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ,സെക്രട്ടറി പ്രസാദ്, പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ.ശബരിനാഥ് എന്നിവർ നേതൃത്വം നൽകി.