അമ്പലപ്പഴ: ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എം. ലിജു നയിക്കുന്ന ലോംഗ് മാർച്ച് അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന ഭാരതീയന്റേതാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ മിന്നലാക്രമണമാണ് പൗരത്വ ഭേദഗതി നിയമം. ദോശ ചുടുന്നതു പോലെയാണ് അമിത് ഷാ പൗരത്വ നിയമ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്. പൗരത്വത്തെ മതവുമായി കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമാണ്. രാജ്യത്തെ വർഗീയവത്കരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഈ പ്രാകൃത നിയമത്തിനെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അവകാശമുണ്ട്. സന്ദർഭം കിട്ടുമ്പോഴെല്ലാം കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് സി.പി. എം അടക്കമുള്ള പാർട്ടികൾ ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ. സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്, കെ.പി. ശ്രീകുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ. ഡി. സുഗതൻ, എ.എ. ഷുക്കൂർ, ജോൺസൺ എബ്രഹാം, ജി.മുകുന്ദൻ പിള്ള, പ്രൊഫ. നെടുമുടി ഹരികുമാർ, ഡി.സി.സി ഭാരവാഹികളായ എം. മുരളി, എബി കുര്യാക്കോസ്, എ.കെ. രാജൻ, എ.കെ. ബേബി, സഞ്ജീവ് ഭട്ട്, ഇല്ലിക്കൽ കുഞ്ഞുമോൻ, തോമസ് ജോസഫ് , കെ.കെ .ഷാജു, ബൈജു, ഷാജിമോഹൻ, ഷാജഹാൻ, രവി, കോശി എം കോശി, ബിന്ദു ബൈജു, എസ്. സുബാഹു, പി .സാബു എന്നിവർ സംസാരിച്ചു.