
കായംകുളം: അമ്മ ബിന്ദുവാണ് അഞ്ജുവിന്റെ വിവാഹക്കാര്യം പറഞ്ഞ് ചേരാവള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും പ്രമുഖ വ്യാപാരിയുമായ നുജുമുദീർ ആലുംമൂട്ടിലിനെ സമീപിച്ചത്. സഹായിക്കണമെന്നായിരുന്നു അപേക്ഷ. മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. ഭർത്താവ് മരിച്ചിട്ട് നാലു വർഷത്തിലേറെയായി. കൂലിവേല ചെയ്താണ് മകളെ ഇത്രത്തോളമാക്കിയത്.
നുജുമുദ്ദീൻ വിവരം പള്ളി കമ്മിറ്റിയിൽ അവതരിപ്പിച്ചു. അഞ്ജു തന്നെ കണ്ടെത്തിയ ശരത്താണ് വരന്റെ സ്ഥാനത്ത്. കമ്മിറ്റിയിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല. കാര്യങ്ങൾ മുറപോലെ നീങ്ങി. ഇന്നാണ് അഞ്ജുവിന്റെയും ശരത്തിന്റെയും കല്യാണം. പള്ളിമുറ്റത്തെ വിശാലതയിൽ തയ്യാറാക്കിയ പന്തലിലാണ് കതിർമണ്ഡപം. നാദസ്വരവും വായ്ക്കുരവകളും പശ്ചാത്തലമൊരുക്കുന്ന ഹൈന്ദവ ആചാര പ്രകാരം രാവിലെ 11.30നും 12.30നും മദ്ധ്യേ വിവാഹം.
കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തൊട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും ഇന്ന് വിവാഹിതരാവുമ്പോൾ ജാതിമത ഭേദങ്ങൾക്കപ്പുറമുള്ളൊരു ഒത്തുചേരലിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. അവിയലും തോരനും പരിപ്പും പപ്പടവും പായസങ്ങളും ഉൾപ്പെടുന്ന വെജിറ്റേറിയൻ സദ്യ മൂവായിരം പേർക്കാണ് ഒരുക്കുന്നത്. പത്ത് പവനും രണ്ട് ലക്ഷം രൂപയും വധുവിന് വിവാഹ സമ്മാനമായി നൽകുന്നുണ്ട്. സ്വർണ്ണപ്പണിക്കാരനായിരുന്ന അശോകന്റെ മരണത്തോടെ വീട്ടുജോലികൾ ചെയ്താണ് ബിന്ദു കുടുംബം പുലർത്തിയിരുന്നത്.