ചേർത്തല: അർത്തുങ്കൽ ബസലിക്കയിലെ മകരം പെരുന്നാളിന്റെ ഭാഗമായി തിരുസ്വരൂപ നട തുറന്നു.ഇന്നലെ പുലർച്ചെ നട തുറപ്പിൽ പങ്കാളികളാകാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.പുലർച്ചെ 5ന് മണിനാദത്തിനൊപ്പം പ്രത്യേക പ്രാർത്ഥനാമന്ത്റങ്ങളോടെയാണ് തിരുനട തുറന്നത്.
ദേവാലയത്തിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന തിരുസ്വരൂപം റെക്ടർ ഫാ.ക്രിസ്റ്റഫർ എം. അർത്ഥശേരിയുടെ കാർമികത്വത്തിൽ പുറത്തെടുത്തത് . രൂപക്കൂട്ടിൽ ദേവാലയത്തിന്റെ മദ്ധ്യഭാഗത്താണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചത്. നട തുറക്കലിന് ശേഷം നടന്ന ദിവ്യബലിയിൽ ഫാ. ജോയി പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു.ഫാ.യേശുദാസ് കാട്ടുങ്കൽതൈയിൽ പ്രസംഗിച്ചു. തിരുനട തുറന്നതോടെ പ്രധാന വഴിപാടായ വില്ലും കഴുന്നും എഴുന്നള്ളിപ്പിന് തുടക്കമായി. ഇന്ന് രാവിലെ 5മുതൽ രാത്രി 11 വരെ ദിവ്യബലി.തിരുനാൾ മഹോത്സവ ദിനമായ 20ന് രാവിലെ 11 ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാൻ ഡോ. ആന്റണി കരിയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. വൈകിട്ട് 3ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും.വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ഫാ. തോമസ് ഷൈജു ചിറയിൽ കാർമികത്വം വഹിക്കും.26ന് രാവിലെ 11ന് ആഘോഷമായ ദിവ്യബലി,ഫാ.അഗസ്റ്റിൻ മുള്ളൂർ മുഖ്യകാർമികനാകും. 27 ന് ഉച്ചയ്ക്ക് 3ന് ഫാ. പയസ് മോഹൻ പറേകാട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലി, വൈകിട്ട് 4.30 ന് പ്രദക്ഷിണം, രാത്റി 10.30 ന് കൃതജ്ഞത ദിവ്യബലി, 12 ന് നട അടയ്ക്കും.