ആലപ്പുഴ: സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ടി.ഡി മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ല തല സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിൽ 17,429 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിലുള്ളത്. അതിൽ 14,629 വീടുകളുടെ പണി പൂർത്തിയായി. 83.61ശതമാനം വീടുകളാണ് പൂർത്തിയായത്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കും. ലൈഫ് മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതർക്കുള്ള ഫ്ളാറ്റുകളാണ് പ്രധാനമായും നിർമ്മിക്കുന്നത്. 3 സെന്റ് ഭൂമി ലഭ്യമാക്കി വീട് നിർമ്മിച്ചു നൽകുന്നുമുണ്ട്. സംസ്ഥാനത്ത് 10 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം ഈ മാസം ആരംഭിക്കും. പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പുറം, തഴക്കര എന്നീ സ്ഥലങ്ങൾക്ക് ഫ്‌ളാറ്റ് പണി തുടങ്ങുവാനുള്ള ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ജില്ലയിൽ പറവൂരിൽ നിർമ്മിക്കുന്ന 165 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയ നിർമ്മാണവും ഈ മാസം ആരംഭിക്കും. പല കാരണങ്ങളാൽ നിരവധിപേർ ലിസ്റ്റിൽ നിന്നു പുറത്തു പോയിട്ടുണ്ട്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. വിട്ടുപോയവരെ ഉൾപ്പെടുത്തി ലിസ്റ്റ് പുനർനിർമിക്കാനുള്ള നിർദ്ദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പ്രതിനിധികളായ ഹരിപ്പാട് പുത്തൻപൊറുതിയിൽ സരസമ്മ, ദേവകി സഹോദരികൾക്ക് മന്ത്രി പി തിലോത്തമൻ ഉപഹാരം നൽകി ആദരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ ഏറ്റെടുത്തതും പൂർത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകൾ ഏറ്റെടുത്തതിൽ 2364 എണ്ണം പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്തുകളിൽ മണ്ണഞ്ചേരിയാണ് മുന്നിൽ. 447 വീടുകൾ ഏറ്റെടുത്തതിൽ 394 വീടുകൾ പൂർത്തീകരിച്ചു.
ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ പ്രതിനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും കളക്ടർ എം.അഞ്ജന ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി.ഉദയ സിംഹൻ എന്നിവർ സംസാരിച്ചു. വിപ്ലവഗായിക പി.കെ.മേദിനി, ജില്ലയിലെ നഗരസഭ അദ്ധ്യക്ഷൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു