ചേർത്തല: വേമ്പനാട് കായൽ സംരക്ഷണ പദ്ധതി പ്രകാരമുളള മത്സ്യസങ്കേതം പദ്ധതിക്ക് തണ്ണീർമുക്കത്ത് തുടക്കമായി. മുളങ്കുറ്റികൾ കൊണ്ട് കായൽ പ്രദേശത്ത് അതിരു തിരിച്ച് 2 ഹെക്ടർ സ്ഥലത്ത് സിമന്റ് റിംഗുകളും സിമന്റ് പൈപ്പുകളും ഓലയും ചിരട്ടയും നിക്ഷേപിച്ചുളള മത്സ്യസങ്കേതങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.
തണ്ണീർമുക്കം 521-ാം നമ്പർ മത്സ്യസംഘത്തിന്റെയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും മത്സ്യവകുപ്പിന്റേയും മേൽനോട്ടത്തിലാണ് പദ്ധതി. കായലിലെ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയിലുളള ശോഷണം കാരണം പ്രജനനത്തിനുളള ഇടങ്ങൾ കുറയുന്നത് മനസിലാക്കിയാണ് മനുഷ്യ നിർമ്മിത മത്സ്യ പ്രജനന ഇടങ്ങൾക്ക് തണ്ണീർമുക്കത്ത് വേമ്പനാട് കായൽ സംരക്ഷണപദ്ധതി പ്രകാരം തുടക്കമിട്ടത്.
മത്സ്യസങ്കേതങ്ങൾ ഒരുക്കുന്നതിലൂടെ, പ്രജനന പ്രായമെത്തിയ മീനുകൾ റിംഗുകളിലും പൈപ്പുകളിലും ഓലയിലും ചിരട്ടയിലും മുട്ട പതിപ്പിക്കുന്നതിനോടൊപ്പം അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറു സസ്യങ്ങളേയും പ്ലവകങ്ങളേയും കഞ്ഞുങ്ങൾക്കുൾപ്പെടെ ആഹാരമാക്കാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ പ്രജനനത്തിന് ഇടങ്ങൾ സൃഷ്ടിക്കുക വഴി മത്സ്യ സമ്പത്ത് ഗണ്യമായി വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് സ്ഥലം എം.എൽ.എ കൂടിയായ മന്ത്റി പി. തിലോത്തമൻ അപ്രതീക്ഷിതമായി എത്തി. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം നിർവഹിച്ചു. രമാ മദനൻ അദ്ധ്യക്ഷത വഹിച്ചു. സുധർമ്മ സന്തോഷ്, രേഷ്മ രംഗനാഥ്, ബിനിത മനോജ്, കെ.ജെ. സെബാസ്റ്റ്യൻ, സനൽ നാഥ്, സാനു സുധീന്ദ്രൻ, ലിജി,യമുന, തണ്ണീർമുക്കം മത്സ്യസംഘം പ്രസിഡന്റ് കെ.വി.ചന്ദ്രൻ, സെക്രട്ടറി ആർ.രമേശ്, വേമ്പനാട് പദ്ധതി കോ-ഓർഡിനേറ്റർ മിനിമോൾ, ബിബിൻ എന്നിവരും പങ്കെടുത്തു.