 റോഡ് വികസനത്തിന് 22ന് തുടക്കം

മാവേലിക്കര : നഗരവാസികളുടെ ചിരകാല അഭിലാഷമായ നഗരവികസനം യാഥാർത്ഥ്യമാകുന്നു. ജംഗ്ഷൻ വികസനത്തിന് തുടക്കംകുറിച്ചു 22ന് അതിർത്തികല്ലുകൾ സ്ഥാപിച്ചുതുടങ്ങും. മാവേലിക്കര നഗരത്തിന്റെ എക്കാലത്തെയും ശാപമായിരുന്ന വീതികുറഞ്ഞ റോഡുകൾ ഇതോടെ പഴങ്കഥയാകും. റോഡുകളുടെ വീതികൂടുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

2017-18 വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് 25 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും പദ്ധതിക്ക് ലഭ്യമായി. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് പ്രവൃത്തി നിർവ്വഹണം നൽകുന്നതിന് മുമ്പുതന്നെ സർക്കാർ ടെണ്ടറിലൂടെ നിയോഗിച്ച ഏജൻസി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവ്വേയും പഠനവും നടത്തിയിരുന്നു. ഈ ഏജൻസി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കലിന്റെ അലയ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റെടുക്കേണ്ട ഭുമിയുടെ ഉടമസ്ഥർക്ക് ഇതിനോടകംതന്നെ കത്ത് നൽകിക്കഴിഞ്ഞു. പ്രവൃത്തിക്ക് പൊതുസമൂഹത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ആർ.രാജേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റോഡ് വികസനം ഇങ്ങനെ

നിലവിൽ 8 മീറ്റർ വീതി മാത്രമുള്ള നഗരത്തിലെ റോഡ് 18 മീറ്ററാകും.

ജംഗ്ഷനിൽ നിന്ന് നാല് ഭാഗത്തേക്കുമുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതിനായി 95 സെന്റ് സ്ഥലം ഏറ്റെടുക്കും. വടക്ക് ഭാഗത്തേക്ക് 70 മീറ്ററും, തെക്ക് ഭാഗത്തേക്ക് 55 മീറ്ററും പടിഞ്ഞാറ് ഭാഗത്തേക്ക് 75 മീറ്ററും കിഴക്ക് ഭാഗത്തേക്ക് 117 മീറ്റവും വൈഡനിംഗ് നടക്കും. 22 മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തും. തുടർന്ന് ഭൂമി ഏറ്റെടുത്ത് ജംഗ്ഷൻ വികനത്തിനുള്ള നിർമ്മാണ പ്രവർത്തനം ആരംഭിക്കും.