ആലപ്പുഴ: ദേശീയ- അന്തർദേശീയ നൈപുണ്യ മത്സരങ്ങളുടെ ഭാഗമായുള്ള ജില്ലാതല നൈപുണ്യ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.
ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളിൽ യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണുള്ളത്. 18 ഇനങ്ങളിലായി 300ൽ പരം പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പല മത്സരങ്ങളിലും സ്‌ക്രീനിംഗ് നടത്തിയാണ് ഫെനലിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്.
എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) സംയുക്തമായാണ് ജില്ലാ മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരങ്ങൾ ഇന്ന് സമാപിക്കും. മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി 27 മുതൽ 31 വരെ നടക്കും. സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി 22 മുതൽ 24 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ്.