ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 6 റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
വണ്ടാനം- മാധവമുക്ക് റോഡ്, വളഞ്ഞവഴി- അഴീക്കോടൻ റോഡ്, കിണറുമുക്ക്- കുറവൻതോട് റോഡ്, ഫിഷ്ലാന്റിംഗ് സെന്റർ-സെന്റ് ജൂഡ് റോഡ്, ബ്ലോക്ക്- ഐ.ടി.സി- ശ്രീശങ്കര റോഡ്, ജവഹർ ബാലഭവൻ റോഡ് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പ്രധാന റോഡാണ് വണ്ടാനം- മാധവമുക്ക് റോഡ്. നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന വളഞ്ഞവഴി- അഴീക്കോടൻ റോഡ് രണ്ട് കോടി ചെലവഴിച്ച് കണക്ടിവിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
എല്ലാ റോഡുകളുടെയും ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. മാധവൻ മുക്കിൽ നടന്ന യോഗത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജനശക്തി ജംഗ്ഷനിൽ നടന്ന യോഗത്തിൽ അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. കിണറുമുക്ക്- കുറവൻതോട് റോഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ഫിഷ്ലാന്റിംഗ് സെന്റർ-സെന്റ് ജൂഡ് റോഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാലഭവൻ റോഡിന്റെ ഉദ്ഘാടനത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. എ.ഓമനക്കുട്ടൻ, എച്ച്.സലാം, എ.ആർ. കണ്ണൻ, ഇ.കെ.ജയൻ, കവിത തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2ന് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള ഹയർസെക്കൻഡറി സ്കൂളിന്റെ ബഹുനില കെട്ടിടത്തിന്റെയും വൈകിട്ട് 3ന് പുറക്കാട് പഞ്ചായത്തിലെ നാലുചിറ ഗവ. ഹൈസ്കൂളിലെ ബഹുനില കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും.