ph

കായംകുളം: മുസ്ലിം പള്ളി അങ്കണത്തിലൊരുക്കിയ കതിർ മണ്ഡപത്തിൽ എഴുതിരിയിട്ട നിലവിളക്കിൻ പ്രഭയിൽ, ബാങ്കുവിളിയും നാദസ്വരവും വായ്ക്കുരവകളും മുഴങ്ങിയ മുഹൂർത്തത്തിൽ അഞ്ജുവിന് ശരത് മിന്നു ചാർത്തി. ഫേസ് ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശംസകൾ അർപ്പിച്ചതോടെ മതസാഹോദര്യത്തിന്റെ മാറ്റൊലിയായ വിവാഹം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആഘോഷമായി.

കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. വരൻ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തൊട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്. ഇന്നലെ രാവിലെ 11.30 നും 12.30 നും മദ്ധ്യേ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിമുറ്റത്ത് ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

ദമ്പതികൾക്ക് അനുഗ്രഹം ചൊരിയാൻ ജാതിമത ഭേദമില്ലാതെ ആയിരങ്ങളാണ് പള്ളിമുറ്റത്തേക്ക് എത്തിയത്. അവിയലും തോരനും പരിപ്പും പപ്പടവും പായസങ്ങളും ഉൾപ്പെടുന്നതായിരുന്നു സദ്യ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹത്തിന് സഹായം തേടി അഞ്ജുവിന്റെ മാതാവ് ബിന്ദു ചേരാവള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും പ്രമുഖ വ്യാപാരിയുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ സമീപിച്ചതോടെയാണ് വിവാഹത്തിന് പള്ളിമുറ്റത്ത് കതിർമണ്ഡപമൊരുങ്ങിയത്. അദ്ദേഹം ബിന്ദുവിൽ നിന്ന് അപേക്ഷ വാങ്ങി പള്ളി കമ്മറ്റിയിൽ ചർച്ചയ്ക്ക് വച്ചു. പന്നീട് കാര്യങ്ങൾ വേഗത്തിലായി. പത്ത് പവനും രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ വധുവിന് സമ്മാനമായി നൽകി.

സ്വർണപ്പണിക്കാരനായിരുന്ന അശോകൻ രണ്ട് വർഷം മുൻപാണ് മരിച്ചത്. വാടക വീട്ടിൽ താമസിച്ച് വീട്ടുജോലികൾ ചെയ്താണ് ബിന്ദു കുടുംബം പുലർത്തിയിരുന്നത്. ഡ്രൈവറാണ് ശരത്.

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ബിന്ദുവും ശരത്തും വിവാഹിതരായി. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും