ആലപ്പുഴ:കുട്ടനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാവണമെന്നാണ് കുടുബാംഗങ്ങളുടെ ആഗ്രഹമെന്ന് അന്തരിച്ച തോമസ് ചാണ്ടി എം.എൽ.എയുടെ സഹോദരൻ തോമസ്.കെ.തോമസ് .. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി.പീതാംബരനോട് ഇക്കാര്യം വ്യക്തമാക്കി മേഴ്സി മാമ (തോമസ് ചാണ്ടിയുടെ ഭാര്യ) കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
'ഞങ്ങളുടെ ബിസിനസ് ഏറെയും വിദേശത്താണ്.അത് നോക്കി നടത്തേണ്ടതിനാൽ അമ്മാമ്മയ്ക്കും മക്കൾക്കും മത്സരിക്കാൻ താത്പര്യമില്ല. തോമസ് ചാണ്ടി നടപ്പാക്കിയതും തുടങ്ങിവച്ചതുമായ എല്ലാ വികസന പ്രവർത്തനങ്ങൾക്കുമായി ഓടി നടന്നിട്ടുള്ളത് ഞാനാണ്. അന്തിമമായി പാർട്ടി നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. എന്ത് തീരുമാനമാണെങ്കിലും അതംഗീകരിക്കും. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കുടുംബം കത്ത് നൽകിയത്"", തോമസ് വ്യക്തമാക്കി.
ജ്യേഷ്ഠൻ നിർദ്ദേശിച്ചതനുസരിച്ച് ഞാൻ കുറെക്കാലമായി കുട്ടനാട്ടിൽ പ്രവർത്തിക്കുകയാണ്. കുട്ടനാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ട്.ഇതേക്കുറിച്ച് സഹോദരന് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ താത്പര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നത്തിനടക്കം പരിഹാരം കാണണം.നീരേറ്റുപുറത്തെ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ അടുത്ത ഘട്ടം പ്രവർത്തനങ്ങൾക്കുള്ള 50 സെന്റ് സ്ഥലം എന്റെ പേരിലാണ് .അത് എഴുതിക്കൊടുക്കണം. നിരവധി റോഡുകളുടെ പണി തീരാനുണ്ട്. അതിനെല്ലാമിടയിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്നോട്ടു മാറുന്നത് ശരിയല്ലല്ലോ. തോമസ് ചാണ്ടി എന്താണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം. എന്തു കൈയേറ്റം നടത്തിയെന്നും അറിയാം. അതെല്ലാം വെളിപ്പെടുത്താനുള്ള അവസരം ദൈവം നൽകും..വ്യക്തി വൈരാഗ്യത്താൽ ചെയ്തതിനപ്പുറം ഒന്നുമില്ല. അതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നില്ല- തോമസ്.കെ.തോമസ് പറഞ്ഞു.