albin

ഹരിപ്പാട്: തെരുവിൽ അലഞ്ഞു നടന്ന് തെരുവിന്റെ സന്തതികളെന്ന് വിളിപ്പേരു വീണവർക്ക് അഭയസ്ഥാനമൊരുക്കിയ പുന്നപ്ര ശാന്തിഭവനിൽ പൊതിച്ചോറിലൂടെ കുട്ടികളുട‌െ സ്നേഹവിരുന്ന്. കരുവാറ്റ എസ്.എൻ സെൻട്രൽ സ്കൂളിലെ കുട്ടികളാണ് വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ശാന്തിഭവനിലെത്തിച്ചത്.

അദ്ധ്യയന വർഷ അവസാനത്തോട് അനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായാണ് ബ്രദർ മാത്യു ആൽബിൻ നേതൃത്വം നൽകുന്ന ശാന്തിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണമെത്തിച്ചത്. ശാന്തിഭവനുമായി സ്കൂൾ അധികൃതർ ബന്ധപ്പെട്ടപ്പോൾ 160 പൊതിച്ചോറാണ് അവർ അഭ്യർത്ഥിച്ചത്. എന്നാൽ മുന്നൂറോളം പൊതികൾക്കു പുറമേ അരി, സോപ്പ്, ചീപ്പ്, ബ്രഷ്, പൗഡർ, വാഷിംഗ് പൗഡർ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വലിയൊരു നിരതന്നെ സംഭരിച്ച് എത്തിക്കാനായി. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എയും ഉദ്യമത്തിൽ പങ്കാളികളായി.

കേരളത്തിലെ തെരുവുകളിൽ അലഞ്ഞു നടന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ശാന്തിഭവനിലെ അന്തേവാസികൾ. ഭൂരിഭാഗം പേരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മലയാളികൾ പത്തോളം പേർ മാത്രം. ഗുരുതര രോഗബാധിതർക്ക് ഉൾപ്പെടെ ശാന്തിഭവൻ അഭയം നൽകിയിട്ടുണ്ട്. മാത്യു ആൽബിന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ വ്യക്തി തന്റെ മകന്റെ സ്മരണാർത്ഥം അന്തേവാസികൾക്കായി പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയതോടെ സ്ഥാപനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന തെറ്റിദ്ധാരണ മൂലം, അതുവരെ സഹായിച്ചുകൊണ്ടിരുന്ന പലരും പതിയെ പിൻമാറിയെന്ന് മാത്യു ആൽബിൻ പറയുന്നു. സ്കൂൾ കുട്ടികൾ സമാഹരിച്ചു നൽകിയ ഭക്ഷണവും മറ്റ് വസ്തുക്കളും വലിയ സഹായമായെന്നും മാത്യു ആൽബിൻ പറഞ്ഞു.

പ്രിൻസിപ്പൽ നിഷ അസീസ്, സ്കൂൾ മാനേജർ വേണുഗോപാൽ, അദ്ധ്യാപികമാരായ വത്സല, നീതു പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ 9, 10 ക്ളാസുകളിലെ പ്രതിനിധികളാണ് ഭക്ഷണം കൈമാറാൻ ശാന്തിഭവനിലെത്തിയത്.