ആലപ്പുഴ:ആത്മസായൂജ്യത്തിന്റെ പാരമ്യത്തിൽ ശ്രീനാരായണ ഗുരുദേവനാൽ വിരചിതമായ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്തരൂപം -ഏകാത്മകത്തിന്റെ അവതരണം കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയെ ഇന്നലെ ധന്യമാക്കി. അര മണിക്കൂറോളം സമയം കാണികൾക്ക് ആസ്വാദ്യനിമിഷങ്ങൾ സമ്മാനിച്ചത് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വിവിധ ശാഖകളിൽ നിന്നെത്തിയ നൂറോളം നർത്തകിമാരാണ്.ശനിയാഴ്ച തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഇതേ നൃത്തരൂപം അവതരിപ്പിച്ച് ഗിന്നസ് റെക്കാഡ് സ്ഥാപിച്ച സംഘത്തിൽ ഉൾപ്പെട്ട കലാകാരികളാണ് കിടങ്ങാംപറമ്പിലും ഏകാത്മകം പുനരാവിഷ്കരിച്ചത്.
ഗുരുസ്മരണയ്ക്ക് ശേഷം, ഗുരുദേവനാൽ രചിക്കപ്പെട്ട 'ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന മൂലമന്ത്രത്തിന്റെ ആലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഗായകൻ കാവാലം ശ്രീകുമാർ വിവിധ ഭാഷകളിൽ ആലപിച്ച മൂലമന്ത്രം ആവർത്തിച്ച് മുഴങ്ങിയപ്പോൾ, നർത്തകർ സദസിന് മുന്നിൽ വന്ദിച്ച് ചുവടുകൾ വച്ചു.കലാമണ്ഡലം ഡോ.ധനുഷ്യാസന്യാൽ ചിട്ടപ്പെടുത്തിയ മോഹിനിയാട്ട രൂപത്തിനൊപ്പം, ഗായകൻ മധുബാലകൃഷ്ണന്റെ ശബ്ദത്തിലാണ് കുണ്ഡലിനിപ്പാട്ടിന്റെ വരികൾ ആലപിക്കപ്പെട്ടത്.നാജ ടീച്ചറാണ് അമ്പലപ്പുഴ യൂണിയനിലെ കുട്ടികളെ മോഹിനിയാട്ട ചുവട് അഭ്യസിപ്പിച്ചത്.അശ്വതിദേവ്, ദിവ്യമാജി, എന്നിവരും നൃത്താവതരണത്തിന് നേതൃത്വം നൽകി.തലേ ദിവസം തൃശ്ശൂരിൽ പോയി പരിപാടി അവതരിപ്പിച്ച് മടങ്ങിയതിന്റെ യാതൊരു ക്ഷീണവും പ്രകടമാക്കാതെയാണ് തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ പെൺകുട്ടികൾ ചന്തത്തോടെ മോഹിനിയാട്ട ചുവടുകൾ വച്ചത്.പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളടക്കം വൻജനക്കൂട്ടം പരിപാടി കാണാനെത്തി.
യൂണിയൻ പ്രസിഡന്റ് പി.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ബി.രഘുനാഥ്,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു,എ.കെ.രംഗരാജൻ,കെ.പി.പരീക്ഷിത്ത്,യൂണിയൻ കൗൺസിലർമാരായ എം.രാജേഷ്, സിദ്ധകുമാർ, വിനുക്കുട്ടൻ, ബൈജു,സി.പി.രവീന്ദ്രൻ, ഭാസി, വി.ആർ.വിദ്യാധരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ ദിനേശൻ ഭാവന, പി.ബി.രമേശൻ, എൽ.ഷാജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി.വേണുഗോപാൽ,സെക്രട്ടറി രഞ്ജിത്ത്, വനിതാസംഘം വൈസ് പ്രസിഡന്റ് ജമിനി, സെക്രട്ടറി ഗീതാ രാംദാസ്, ജോ.സെക്രട്ടറി ശോഭനാ അശോക് കുമാർ, എംപ്ളോയിസ് ഫോറം പ്രസിഡന്റ് കലേഷ്, സെക്രട്ടറി സുനിൽ താമരശ്ശേരി, പെൻഷൻ ഫോറം പ്രസിഡന്റ് ടി.ആർ.ആസാദ് , വൈദിക സമിതി സെക്രട്ടറി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.കാളാത്ത് 292-ാം നമ്പർ ശാഖാ പ്രസിഡന്റ് ശാന്തപ്പൻ, സെക്രട്ടറി മണിയപ്പൻ,നൃത്തപരിശീലകരായ നാജടീച്ചർ, അശ്വതിദേവ്, ദിവ്യമാജി എന്നിവരെയും മോഹിനിയാട്ടത്തിൽ പങ്കെടുത്ത കലാകാരികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.