tv-r

 മാലിന്യം കൊണ്ടുവരരുതെന്ന് അരൂർ, എഴുപുന്ന പഞ്ചായത്തുകൾ

അരൂർ: മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ ഒരുക്കിയ യാർഡുകളിൽ കൊണ്ടു വരാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പഞ്ചായത്തുകളുടെ എതിർപ്പു മൂലം പാളുന്നു. കെട്ടിടാവിഷ്ടങ്ങൾ ഗുരുതര ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുള്ളത്.

ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് എന്റർപ്രൈസസ് എന്ന സ്വകാര്യ കമ്പനിയാണ് കോൺക്രീറ്റ് മാലിന്യം നീക്കാൻ 35.16 ലക്ഷം രൂപയ്ക്ക് കരാറെടുത്തത്. 70 ദിവസമാണ് മാലിന്യം നീക്കാൻ മരട് നഗരസഭ കമ്പനിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതി തേടാതെയാണ് കമ്പനി യാർഡുകൾ ഒരുക്കിയത്. അരൂർ പഞ്ചായത്തിലെ ചന്തിരൂരിൽ 3 ഏക്കറിലും എഴുപുന്ന പഞ്ചായത്തിലെ എഴുപുന്നയിൽ 4.5 ഏക്കറിലുമാണ് യാർഡുകൾ. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഫ്ലാറ്റ് അവശിഷ്ടങ്ങൾ തള്ളരുതെന്ന് കാട്ടി ഇരു പഞ്ചായത്തുകളും ദിവസങ്ങൾക്ക് മുമ്പ് യാർഡുകളുടെ ഗേറ്റിന് മുന്നിൽ നോട്ടീസ് പതിച്ചിരുന്നു.

വിദേശ നിർമ്മിത മെഷീനുകളുടെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് കോൺക്രീറ്റും കമ്പികളും വേർതിരിച്ചാണ് മാലിന്യം നീക്കുന്നത്. മരടിൽ നിന്ന് കഴിഞ്ഞ 15 മുതൽ കോൺക്രീറ്റ് മാലിന്യം ചന്തിരൂരിലുള്ള യാർഡിൽ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. നിത്യേന 25 ടോറസിൽ 15 ലോഡു വീതം 25 ദിവസം കൊണ്ട് 42,850 ടൺ അവശിഷ്ടമാണ് കമ്പനി നീക്കേണ്ടത്.

..................................

'ഫ്ളാറ്റ് പൊളിച്ച കെട്ടിടാവിഷ്ടങ്ങൾ ഉപയോഗിച്ച് അരൂർ, എഴുപുന്ന മേഖലകളിലെ നീർത്തടങ്ങളും പാടശേഖരങ്ങളും തോടുകളും കുളങ്ങളും നികത്താനുള്ള ഭൂമാഫിയ സംഘത്തിന്റെ ഗുഢതന്ത്രം ഇതിന് പിന്നിലുണ്ട്

(വി.കെ.ഗൗരീശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം)

.................................

'അരൂർ പഞ്ചായത്തിലേക്ക് മരടിലെ ഫ്ളാറ്റിന്റെ കെട്ടിട അവശിഷ്ടങ്ങൾ എത്തിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയും'

(ബി. രത്നമ്മ, അരൂർ പഞ്ചായത്ത് പ്രസിഡന്റ്)