ആലപ്പുഴ: നഗരസഭയിലെ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ആശയവിനിമയം നടത്താൻ രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിൽ അശ്ളീലച്ചുവയുള്ള ചിത്രങ്ങളും കമന്റുകളും മത്സരിച്ചെത്തിയതോടെ, വനിത കൗൺസിലർമാരുടെ പരാതിയെ തുടർന്ന് അഡ്മിൻ ഗ്രൂപ്പ് പിരിച്ചുവിട്ടു.
'മുനിസിപ്പൽ ഫ്രണ്ട്സ്' എന്ന പേരിലാണ് ആദ്യം ഗ്രൂപ്പ് തുടങ്ങിയത്. നഗരസഭയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുകയായിരുന്നു ലക്ഷ്യം. ഗ്രൂപ്പ് നിർജ്ജീവമായതോടെ മുനിസിപ്പൽ എൻജിനീയർ മുൻകൈയെടുത്ത് ഉദ്യോഗസ്ഥരെയും കൗൺസിലർമാരെയും ഉൾപ്പെടുത്തി പുതിയ ഗ്രൂപ്പ് തുടങ്ങി. ഗ്രൂപ്പ് സജീവമാവുകയും ചെയ്തു. ഇതിനിടെയാണ് ഒരു കൗൺസിലർ പരിധിവിട്ട ചിത്രം പോസ്റ്റ് ചെയ്തത്. ഇതു കണ്ട മറ്റൊരു കൗൺസിലർ വേറൊരു ചിത്രം പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ കമന്റുകളും പ്രവഹിച്ചു. വനിതാ കൗൺസിലർമാർ അഡ്മിനോട് പരാതി പറഞ്ഞതോടെയാണ് ഗ്രൂപ്പ് പിരിച്ചുവിട്ടത്.