ചേർത്തല താലൂക്കിൽ ഇന്ന് അവധി
ചേർത്തല:അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിലെ പ്രധാന തിരുനാൾ ഇന്ന് നടക്കും. വൈകിട്ട് 4നാണ് ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം.
രാവിലെ 11 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ആന്റണി കരിയിൽ കാർമികത്വം വഹിക്കും. വൈകിട്ട് 3ന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികനാവും. തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിൽ ഫാ. തോമസ് ഷൈജു ചിറയിൽ കാർമികത്വം വഹിക്കും.പതിനായിരങ്ങൾ ഭക്തിപൂർവം പ്രദക്ഷിണത്തിൽ പങ്കുചേരും.അത്ഭുത തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ ദേവാലയത്തിലേക്ക് തീർത്ഥാടപ്രവാഹമാണ്.പ്രദക്ഷിണം ദർശിക്കാനും പങ്കെടുക്കാനും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്നു. വിശുദ്ധന്റെ തിരുസ്വരൂപം വിശ്വാസികൾ തോളിലേറ്റിയാണ് പടിഞ്ഞാറെ കുരിശടി വരെ പ്രദക്ഷിണം നടത്തുന്നത്. വ്രതാനുഷ്ഠാനങ്ങളോടെയാണ് തിരുസ്വരൂപം വഹിക്കുന്നവർ എത്തുക.പ്രദക്ഷിണം കടന്ന് പോകുന്ന വീഥിക്ക് ഇരുവശവും തിങ്ങി നിറയുന്ന വിശ്വാസികൾ ഭക്തിപൂർവം വെറ്റിലയും മലരും തിരുസ്വരൂപത്തിൽ അർപ്പിക്കും.തിരുസ്വരൂപം ദേവാലയത്തിൽ നിന്ന് പുറത്തിറക്കുന്നത് മുതൽ തിരികെ എത്തുന്നത് വരെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ട് പറക്കും.അമ്പും വില്ലും എഴുന്നള്ളിക്കലാണ് ദേവാലയത്തിലെ പ്രധാന നേർച്ച. പള്ളിക്ക് മുന്നിലെ കുരിശടിയിലും പടിഞ്ഞാറെ കുരിശടിയിലും നിന്ന് അമ്പും വില്ലും എഴുന്നള്ളിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മുത്തുക്കുട, സ്വർണം, വെള്ളി നേർച്ചകൾ, അടിമ നേർച്ച,ഉരുളു നേർച്ച എന്നിവയും പ്രധാന വഴിപാടുകളാണ്. .കെ.എസ്.ആർ.ടി.സിയും മറ്റ് സർക്കാർ വകുപ്പുകളും ഏകോപിച്ചുള്ള പ്രവർത്തനമാണ് ഒരുക്കിയിട്ടുള്ളത്.ഭക്തർക്കായി ആലപ്പുഴയിൽ നിന്നും ചേർത്തലയിൽ നിന്നും പ്രത്യേക ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.ചേർത്തല താലൂക്കിലെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27 ന് തിരുനാൾ ആഘോഷം സമാപിക്കും.