ramesh-chennithala

ആലപ്പുഴ: വാർഡ് വിഭജന ബിൽ മന്ത്രിസഭായോഗം അംഗീകരിച്ചത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബില്ലിനെ നിയമസഭയിൽ എതിർക്കും. വാർഡ് വിഭജനത്തെ കോടതിയിലും ചോദ്യം ചെയ്യും. സെൻസസ് തുടങ്ങാൻ തീരുമാനിക്കുകയും വാർഡ് വിഭജനവുമായി മുന്നോട്ടു പോകുകയും ചെയ്യുന്നത് പരസ്‌പര വിരുദ്ധമാണ്. തിരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക സ്വീകരിച്ചതും ശരിയല്ല. 30 - 40 ലക്ഷം പേരുകൾ പട്ടികയിൽ ചേർക്കാനുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലിന് സഹകരിക്കില്ലെന്ന് തീരുമാനിച്ച സംസ്ഥാന സർക്കാർ സെൻസസുമായി സഹകരിക്കുമെന്ന് പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. പൗരത്വ നിയമത്തിനെതിരെ പരസ്യമായി നിലപാടെടുക്കുകയും പ്രക്ഷോഭം നടത്തുന്നവരെ കേസെടുത്ത് ജയിലിലടയ്‌ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണ്. പൗരത്വ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സത്ത ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ഗവർണറുടെ നടപടി ശരിയല്ല

പൗരത്വ പ്രശ്നത്തിൽ സർക്കാരിനെതിരെ പരസ്യ എതിർപ്പുമായി ഗവർണർ ഇറങ്ങിയത് ശരിയായില്ല. നിയമവിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടാം. എന്നാൽ ഏറ്റുമുട്ടൽ ദൗർഭാഗ്യകരമാണ്. ചാനൽ ചർച്ചകളിലും മറ്റും ഗവർണർ പങ്കെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.