 കൗൺസിലർമാർ എതിർത്തു

ആലപ്പുഴ: നഗരസഭയുടെ അനുമതി ഇല്ലാതെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന, അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ വാഗ്വാദം. നഗരസഭ ചെയർമാനോ മുനിസിപ്പൽ എൻജിനിയറോ അറിയാതെ ചില ഉദ്യോഗസ്ഥരാണ് എക്‌സ്‌പോയ്ക്ക് പിന്നിലെന്ന് ഭൂരിഭാഗം കൗൺസിലർമാരും ആരോപിച്ചു. ഇതോടെ എക്സ്പോ അവസാനിപ്പിക്കുന്നതിന് കമ്പനിക്ക് നിർദ്ദേശം നൽകാൻ യോഗം ഏകകണ്ഠേന തീരുമാനിച്ചു.

സമുദ്രാന്തർ ഭാഗത്തെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിസ്മയക്കാഴ്ചകളാണ് എക്സ്പോയിൽ അവതരിപ്പിക്കുന്നത്. ഡിസംബറിൽ നടന്ന കൗൺസിൽ യോഗത്തിൽ പ്രദർശനത്തെച്ചൊല്ലി രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. നീൽ എന്റർടെയിൻമെന്റ് ആണ് ആലപ്പുഴയിൽ ആദ്യമായി ഇത്തരമൊരു പ്രദർശനം നടത്തുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള പ്രദർശനമായതിനാൽ മതിയായ രേഖകൾ ഹാജരാക്കിയാൽ മാത്രം എക്സ്പോയ്ക്ക് അനുമതി നൽകാൻ അന്നത്തെ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ നഗരസഭ എൻജിനീയർ അറിയാതെ അസി.എൻജിനിയർ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നഗരസഭാ സെക്രട്ടറിക്ക് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിൽഡിംഗ് പെർമിറ്റ് മത്രമാണ് താൻ നൽകിയതെന്നും എക്സ്പോയ്ക്ക് അനുമതി നൽകിയില്ലെന്നും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യു ഓഫീസർ യോഗത്തെ അറിയിച്ചു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥനെ അറിയിക്കാതെ റിപ്പോർട്ട് കൊടുത്തത് അറിവില്ലായ്മ മൂലമാണെന്ന് നഗരസഭ എൻജിനിയർ പറഞ്ഞു. എക്സ്പോയുടെ അനുമതിക്കാര്യത്തിൽ സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് കൗൺസിലർമാർ ആരോപിച്ചു. വിവേചനാധികാരം ഉപയോഗിച്ച് ചെയർമാൻ എക്സ്പോ തടയായിരുന്നതും വിമർശന വിധേയമായി.

കൗൺസിൽ യോഗത്തിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ കോയാപറമ്പിൽ, എ.എ.റസാക്ക്, ഡി.ലക്ഷ്മണൻ, തോമസ് ജോസഫ്, മെഹബൂബ്, മനോജ്, ജോസ് ചെല്ലപ്പൻ, വിജയകുമാർ, ബാബു, രാജീവ് തുടങ്ങിയ കൗൺസിലർമാർ ചർച്ചയിൽ പങ്കെടുത്തു.

 വിളക്ക് തെളിക്കും

നഗരത്തിലെ എൽ.ഇ.ഡി തെരുവ് വിളക്കുകൾ ടെൻഡർ വിളിച്ച് അറ്റകുറ്റപ്പണി നടത്താൻ കൗൺസിൽ തീരുമാനിച്ചു. കെ.എസ്.എഫ്.ഇയുമായി ഉണ്ടാക്കിയ കരാർ പ്രകാരം 7846 എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചത്. വൈദ്യുതി ബോർഡുമായി ഉണ്ടാക്കിയ ധാരണയിൽ 4.36 കോടി നഗരസഭ കൈമാറി. ഏഴ് വർഷത്തെ അറ്റകുറ്റപ്പണിയും കരാറിൽ ഉണ്ടായിരുന്നു. എന്നാൽ കെ.എസ്.ഇ.ബി നിർമ്മാണ ചുമതല ഇ.ഇ.എസ്.എൽ എന്ന കമ്പനിക്ക് നൽകി. ഇവരാകട്ടെ മറ്റൊരു സ്വകാര്യ ഏജൻസിക്ക് വീണ്ടും കാരാർ നൽകി. ഇതോടെയാണ് അറ്റകുറ്റപ്പണി അലങ്കോലമായത്.

# മറ്റ് തീരുമാനങ്ങൾ

 പ്ളാസ്റ്റിക് നിരോധനം ഫെബ്രുവരി ഒന്നു മുതൽ

 അയൽക്കൂട്ടം വഴി തുണി സഞ്ചികൾ വിപണിയിലെത്തിക്കും

 ഹോട്ടലുകൾ ഗ്രേഡ് തിരിച്ച് ശുചിത്വം ഉറപ്പാക്കും

 ലോറി പാർക്കിംഗ് കരാർ 72,000 രൂപയിൽ നിന്ന് 50,000 ആക്കും