ചാരുംമൂട്: പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെയുള്ള പ്രമുഖർക്ക് സുരക്ഷ ഒരുക്കിയ മുൻ എസ്.പി.ജി കമാൻഡോ രാധാകൃഷ്ണൻ ഇപ്പോൾ കലാസപര്യയുടെ ലോകത്താണ്. റൈഫിളും പിസ്റ്റളും പിടിച്ച് തഴമ്പിച്ച കൈകളിൽ നന്ദികേശ ശില്പങ്ങളും ചിത്രങ്ങളും പിറക്കുന്നു.
സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി. ജി ) മുൻ കമാൻഡോ ആണ് ചൂനാട് ഇലിപ്പക്കുളം അനന്തത്തിൽ റിട്ട.സബ് ഇൻസ്‌പെക്ടർ വി.വി രാധാകൃഷ്ണൻ. 27 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയതോടെ പാരമ്പര്യമായി ലഭിച്ച കലാസിദ്ധിയിലേക്ക് തിരിയുകയായിരുന്നു. ഇതിനകം 23 നന്ദികേശ ശിൽപ്പങ്ങൾ ഒരുക്കി. നിരവധി ചിത്രങ്ങളും ഈ കലാകാരന്റെ കൈകളിൽ പിറന്നു.
പേരെടുത്ത ശില്പി ചാരുംമൂട് പേരൂർ കാരാഴ്‌മ കൊപ്പാറയിൽ വിശ്വനാഥൻ ആചാരിയുടെ മകൻ രാധാകൃഷ്ണൻ 1989 ലാണ് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ചേർന്നത്. 1995ൽ സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ വി.വി.ഐ.പികൾക്ക് സംരക്ഷണം നൽകുന്ന സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൽ അംഗമായി. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിംഗ് എന്നിവരുടെ സുരക്ഷാ ടീമിൽ അംഗമായി. സോണിയാ ഗാന്ധിയുടെ സുരക്ഷാ ഗാർഡിലും രണ്ടു വർഷം ഉണ്ടായിരുന്നു.
സൈനിക സേവനത്തിനിടെ ചിത്രരചന
2016 ൽ സബ് ഇൻസ്‌പെക്ടർ ആയി വിരമിച്ചു. സേവനകാലത്ത് ചിത്രരചനാ മത്സരത്തിൽ ഒന്നാമതെത്തി. അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയാണ് അവാർഡ് സമ്മാനിച്ചത്. നേരത്തേ വരച്ച പ്രണബ് മുഖർജിയുടെ ചിത്രം അദ്ദേഹത്തിന് ചടങ്ങിൽ സമ്മാനിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി ആയിരുന്ന രാജ്നാഥ് സിംഗിന്റെ ലഡാക്ക് സന്ദർശന വേളയിൽ വരച്ച അദ്ദേഹത്തിന്റെ ഛായാചിത്രം രാജ്‌നാഥ് സിംഗ് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കു വച്ചിരുന്നു. നരേന്ദ്ര മോദി, വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി തുടങ്ങിയവരുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇവർക്കെല്ലാം നേരിട്ട് നൽകാൻ അവസരം കാത്തിരിക്കയാണ്.
മുഴുവൻ സമയ ചിത്രരചന
റിട്ടയർമെന്റിന് ശേഷം രാധാകൃഷ്ണൻ മുഴുവൻ സമയവും ചിത്രകലയ്‌ക്കും നന്ദികേശ നിർമ്മാണത്തിനുമായി മാറ്റി വച്ചിരിക്കയാണ്. ക്ഷേത്രങ്ങൾക്ക് വേണ്ടിയാണ് കൂടുതലായും നന്ദികേശനെ നിർമ്മിക്കുന്നത്. ഇപ്പോൾ 40 ഓളം കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നുമുണ്ട്. ഭാര്യ അമ്പിളിയുടെ പിന്തുണയും ഉണ്ട്. ബി. എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഏക മകൻ അനന്തകൃഷ്ണന് കാമ്പസ് ഇന്റർവ്യൂ വഴി ടി.സി.എസിൽ സെലക്‌ഷൻ ലഭിച്ചു. അനന്തകൃഷ്ണനും ചിത്രരചനയിൽ താത്പര്യമുണ്ട്.
.