ആലപ്പുഴ: ഇന്നർവീൽ ക്ലബ് ഒഫ് ആലപ്പി സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സാധു കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും ഇതിന്റെ ഭാഗമായി നടക്കും. നാളെ വൈകിട്ട് 4.30ന് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്നർവീൽ ക്ലബ് ദേശീയ വൈസ് പ്രസിഡന്റ് വസുധാ ചന്ദ്രചൂഡ് നിർവഹിക്കും. ക്ലബ് പ്രസിഡന്റ് റോസി ജോൺ അദ്ധ്യക്ഷത വഹിക്കും. ഇന്നർവീൽ ക്ലബ് ഒഫ് ആലപ്പി സ്ഥാപകാംഗവും രക്ഷാധികാരിയുമായ ബെറ്റി കരുണാകരൻ ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ഭാരവാഹികളായ റോസി ജോൺ, സിന്റ ജോജി, സിസിലി ആന്റണി, സബിദ ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.