ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
ആദ്യദിനത്തിൽ പുതുതായി പേര് ചേർക്കാൻ 100 അപേക്ഷകൾ വിവിധ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ചു. അടുത്ത ദിവസം രേഖകൾ സഹിതം ഹിയറിംഗിന് ഹാജരാകാൻ അപേക്ഷകർക്ക് നോട്ടീസും നൽകി. പേര് നീക്കം ചെയ്യുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഒന്നും തന്നെ ആദ്യദിനത്തിൽ ലഭിച്ചിട്ടില്ല. വോട്ടർപട്ടിക സംബന്ധിച്ചുള്ള പരാതികൾ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കാൻ അവസരമുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പഞ്ചായത്ത്, നഗരസഭ, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.