ചേർത്തല: വിശ്വാസ സഹസ്രങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് അർത്തുങ്കൽ വെളുത്തച്ചന്റെ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ വൈകിട്ട് നടന്ന പ്രദക്ഷിണം കാണാനും അനുഗ്രഹം തേടാനും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.
കാറ്റിലും കോളിലുംപെട്ട് ആടിയുലയുന്ന പായ്ക്കപ്പലിനെ പോലെയായിരുന്നു അർത്തുങ്കൽ വെളുത്തച്ചൻ ജനസാഗരത്തിലൂടെ എഴുന്നള്ളിയത്. വൈകിട്ട് 3ന് ആരംഭിച്ച ദിവ്യബലി അവസാന ഘട്ടമെത്തിയപ്പോഴേക്കും പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. മുത്തുക്കുടയേന്തിയ വിശ്വാസികൾ പടിഞ്ഞാറെ കുരിശടിയിലേക്ക് നിരനിരയായി ഒഴുകിത്തുടങ്ങി.പ്രദക്ഷിണം കാണാനും വിശുദ്ധനെ ദർശിച്ച് അനുഗ്രഹങ്ങൾ നേടാനുമായി വിശ്വാസികൾ ഉയർന്ന സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ മുകൾ ഭാഗങ്ങളിലും മണിക്കൂറുകൾക്കു മുന്നേ സ്ഥാനം പിടിച്ചിരുന്നു.
തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയിൽ നിന്ന് പുറത്തേക്കെടുത്തപ്പോൾ ആചാരവെടികൾ മുഴങ്ങി. പ്രദക്ഷിണത്തിനു മന്നോടിയായി റെക്ടർ ഫാ.ക്രിസ്റ്റഫർ എം.അർത്ഥശേരിയുടെ പ്രാർത്ഥന. വ്രതമെടുത്തെത്തിയ വിശ്വാസികൾ വിശുദ്ധന്റെ തിരുസ്വരൂപം തോളിലേറ്റി. ചെണ്ടയും ബാന്റുമടക്കമുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപം ദേവാലയ കവാടത്തിന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ കാത്തു നിന്ന ജനക്കൂട്ടത്തിന്റെ കണ്ഠങ്ങളിൽ നിന്ന് വിശുദ്ധനെ ക്ഷണിച്ചുകൊണ്ടുള്ള മംഗളധ്വനികൾ ഉയർന്നു. തിങ്ങി നിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ ഒരോ അടിയും മന്നോട്ടു നീങ്ങാൻ ഏറെ സമയമെടുത്തു. മണിക്കൂറുകളെടുത്താണ് കുരിശടി ചുറ്റി രൂപം ദേവാലയത്തിൽ തിരികെയെത്തിയത്.
ഫാ.തോമസ് ഷൈജു ചിറയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന തിരുസ്വരൂപം വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുദർശനത്തിന് വെയ്ക്കുന്നത്. 27 ന് എട്ടാമിടത്തോടെ തിരുനാൾ ആഘോഷം സമാപിക്കും .ഇന്ന് ദൈവദാസൻ മോൺ.റൈനോൾഡ് പുരയ്ക്കൽ അനുസ്മരണ ദിനമാണ്. രാവിലെ 11ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ജൂഡോ മൂപ്പശേരി മുഖ്യകാർമ്മികനാകും.