naje-kalrthal

ആലപ്പുഴ : തെളിനീരും മീനും ഇല്ലാതാക്കി നദികളിൽ നഞ്ചു കലക്കൽ വ്യാപകമായി. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ പമ്പയാറ്റിലും കൈവഴികളിലും അച്ചൻകോവിൽ ആറ്റിലുമാണ് നഞ്ച് കലക്കി മീൻപിടിത്തം തകൃതിയായി നടക്കുന്നത്.

രാത്രികാലങ്ങളിൽ ചെറുവള്ളത്തിൽ എത്തിയാണ് നഞ്ച് കലക്കുന്നത്. മയങ്ങിക്കിടക്കുന്ന വലിയ മീനുകൾ കൈക്കലാക്കി പോകുന്ന ഇവർ ചത്തു പൊങ്ങിയ ചെറുമീനുകളെ ഉപേക്ഷിക്കും. ഈ മീനുകൾ ചത്തു കിടക്കുന്നതോടെ വെള്ളം മലിനമാകും.ദുർഗന്ധം വമിക്കും. നീരേറ്റുപുറം പാലം മുതൽ തോമാടി തോടുവരെ പമ്പ നദിയിൽ നഞ്ചുകലക്കി മീൻപിടിത്തം വ്യാപകമാണ്. ചാരുംമൂട്, മാവേലിക്കര ഭാഗങ്ങളിലെ പഞ്ചായത്തുകളിലാണ് ഇത്തരത്തിലുള്ള അനധികൃത മത്സ്യബന്ധനം കൂടുതൽ.

വിഷം പരന്ന ആറ്റുകടവിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. ചുവന്ന നിറത്തിൽ ശരീരം തടിക്കും. തീരത്തെ കിണറുകളിലെ വെള്ളം മലിനമാകാനും സാദ്ധ്യതയുണ്ട്. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇതു വലിയ വിപത്താകും. നഞ്ച് കലക്കുകയാേണാ സാധാരണ രീതിയിൽ മീൻപിടിക്കുകയാണോ എന്ന് സാധാരണക്കാർക്ക് തിരിച്ചറിയാനാവാത്തവിധമാണ് ഇവരുടെ പ്രവർത്തന രീതി. പല സ്ഥലങ്ങളിലും പ്രദേശവാസികളികളിൽ ചിലർ തന്നെയാണ് ഇതിലേർപ്പെടുന്നതെന്നതിനാൽ പ്രതികരിക്കാനും നാട്ടുകാർ മടിക്കുന്നു.

ഉന്നം വലിയ മീനുകൾ

 നഞ്ച് കലക്കുന്നവർ വലിയ മീനുകളെയാണു പിടിക്കുക.

കരിമീൻ,കട്‌ല,ആറ്റുവാള, ചേറുമീൻ എന്നിവയെ ഉന്നമിട്ടാണ് നഞ്ചുകലക്കൽ

നാടൻ മത്സ്യങ്ങളായ കോല, പള്ളത്തി എന്നിവയാണു ചത്തു പൊങ്ങുന്നവയിലേറെയും

എണ്ണത്തിൽ കുറവുള്ള ഇവയുടെ വംശനാശത്തിന് നഞ്ചു കലക്കൽ വഴിതെളിക്കും

 നഞ്ച് മിശ്രിതം

വിഷക്കായ അരച്ച് തുരിശും ഫുറിഡാൻ, മണ്ണെണ്ണ എന്നിവയുമായി ചേർത്താണ് നഞ്ച് മിശ്രിതം തയ്യാറാക്കുന്നത്. പൊള്ളുന്ന ചുടാണ് ഈ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തിൽ ഇത് കലർത്തും. കണ്ണിൽ ചൂടും വിഷച്ചൂരുമേറ്റ് പ്രാണവേദനയുമായി പായുന്ന മീനുകളെ കാത്ത് വലവിരിച്ചിട്ടുണ്ടാവും. നഞ്ച് കലക്കുന്നതിനും പ്രത്യേക രീതിയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന വള്ളത്തിന്റെ ഊന്നുകോലിനടിയിലാണ് നഞ്ച് കിഴികെട്ടിവയ്ക്കുന്നത്. ആറ്റരികിലെ കൽക്കെട്ടുകൾക്കിടയിൽ കിഴികെട്ടിയഭാഗം കുത്തും. തുണിക്കിഴിയിലൂടെ സാവധാനമേ മിശ്രിതം വെള്ളത്തിൽ കലരൂ. അരികുഭാഗം ചേർത്ത് കുറുകെയും നെടുെകയും വലയിട്ടിട്ടുണ്ടാകും.

നഞ്ച് കലക്കൽ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വിഷം കലക്കി കൊള്ളക്കാർ മീൻകോള് കൊണ്ടുപോകുമ്പോൾ ചൂണ്ടയും വലയുമായി മീൻപിടിക്കാൻ എത്തുന്ന സാധാരണ തൊഴിലാളികൾക്ക് രാത്രി ഉറക്കം നഷ്ടമാകുന്നത് മിച്ചം.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ