ആലപ്പുഴ: കഴിഞ്ഞ വർഷം നെല്ല് സംഭരിച്ച ഇനത്തിൽ ബാങ്കുകൾക്ക് സപ്ളൈകോ നൽകാനുള്ള 400 കോടി രൂപ കുടിശിക സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. സെക്രട്ടേറിയറ്റ് അനക്സിൽ ചേരുന്ന യോഗത്തിൽ കൃഷി, സിവിൽ സപ്ളൈസ് വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
6.93 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ളൈകോ കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ സംഭരിച്ചത്. 1755.34 കോടിയാണ് ഈ ഇനത്തിൽ കർഷകർക്ക് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിൽ 1700 കോടി വിവിധ ബാങ്കുകൾ വഴി കർഷകർക്ക് പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) പ്രകാരം കൈമാറി. ബാക്കി തുക സംഭരണ സമയത്ത് സപ്ളൈകോ ഉദ്യോഗസ്ഥർ നേരിട്ടും നൽകി. എന്നാൽ, ബാങ്കുകൾക്ക് സപ്ളൈകോ 1300 കോടി മാത്രമാണ് നൽകിയത്. അതുമൂലം നെല്ലിന്റെ വിലയായി ലഭിച്ച തുകയിൽ ഒരു ഭാഗം തിരിച്ചടയ്ക്കേണ്ട സ്ഥിതിയിലാണ് തങ്ങൾ എന്ന ആശങ്കയിലാണ് കർഷകർ. മാത്രമല്ല പുതുതായി കൃഷിയിറക്കാൻ വായ്പ കിട്ടുന്നതിനും ഇത് തടസമായിരിക്കുകയാണ്.