മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിൽ കോടികളുടെ അഴിമതി നടന്നെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12ന് യൂണിയൻ ഓഫീസിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് മൂന്നേകാൽ മണിക്കൂർ നീണ്ടു.

ക്രൈബ്രാംഞ്ച് ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ കെ.കെ ശശികുമാർ, ഗോപകുമാർ, സൗമിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകൾ പരിശോധിച്ചത്. 2006 മുതൽ 2019 വരെ യൂണിയൻ ഭാരവാഹികളായിരുന്ന പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരെ മുഖ്യ പ്രതികളാക്കി സാമ്പത്തിക തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സംഘം ചേർന്നുള്ള പണാപഹരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. എസ്.എൻ ട്രസ്റ്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ സുഭാഷ് വാസു ഭാരവാഹി ആയിരുന്ന കാലത്തു നടന്ന നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

നിലവിലെ കേസുകൾക്ക് പുറമെ 16 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പരാതികളിൽ 20 ലക്ഷം രൂപയുടെ ക്രമക്കേടാണ് പറഞ്ഞിരിക്കുന്നത്. രേഖകൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്യോഗസ്ഥർക്ക് കൈമാറി. പരാതി നൽകിയ യൂണിയൻ മുൻ ഭാരവാഹികളായ ജയകുമാർ പാറപ്പുറത്ത്, ബി.സത്യപാൽ എന്നിവർക്ക് 23ന് ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിൽ ഹാജരാവാൻ നോട്ടീസ് നൽകി. യോഗം ഡയറക്ടർ ബോർഡ് മുൻ അംഗം ദയകുമാർ ചെന്നിത്തലയോടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മിനിട്സ്, കാഷ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പരാതിയിലും യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയിൽ നിന്നു അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.