ആലപ്പുഴ: പുതുതലമുറയ്ക്ക് അറിയില്ലെങ്കിലും എൺപതുകളിലെ വിലപിടിപ്പുള്ള താരമായിരുന്നു ഗായിക വള്ളികുന്നം രോഹിണി. ഇപ്പോൾ പാട്ടില്ല. സംഗീതവഴിയിൽ സമ്പാദ്യമായി അവശേഷിച്ച ശ്രുതിപ്പെട്ടി വല്ലപ്പോഴും ഒന്നു മിനുക്കി വയ്ക്കും. കുഞ്ഞുവീട്ടിൽ ഒറ്റത്തടി വാസത്തിന് കൂട്ടായുള്ളത് അന്നു പാടി ജ്വലിപ്പിച്ച പാട്ടുകൾ മാത്രം.
വള്ളികുന്നം കുന്നേൽ വീട്ടിൽ കൃഷ്ണൻ ആചാരിയുടെയും കാർത്യായനിയമ്മയുടെയും അഞ്ച് മക്കളിൽ ഇളയതാണ് രോഹിണി. 1965ൽ ഷൊർണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന് രണ്ടാം സ്ഥാനം നേടിയ രോഹിണി, രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്ന് പ്രശസ്തിപത്രം ഏറ്രുവാങ്ങിയപ്പോൾ ആലപ്പുഴ ജില്ലയുടെ തെക്കൻപ്രദേശത്തുള്ള വള്ളികുന്നം ഗ്രാമവാസികൾ അഭിമാനം കൊണ്ടു.
നൃത്ത സംഗീതശില്പ (നൃത്തനാടകം) കലാരൂപം കേരളത്തിൽ കൊടികുത്തിവാഴുമ്പോൾ, ഏറ്റവും വിലയുള്ള ശബ്ദമായിരുന്നു ഗായികയായ രോഹിണിയുടേത്. സിനിമയും നാടകവും അന്ന് ചിന്തയിലേക്ക് വന്നേയില്ല.
ചേച്ചി വള്ളികുന്നം ദേവമ്മ, അന്നത്തെ പ്രമുഖ കാഥിക വള്ളികുന്നം പുഷ്പവല്ലിയുടെ ഹാർമോണിസ്റ്റായിരുന്നു. ദേവമ്മയുടെ ഭർത്താവ് പറവൂർ വാസുദേവൻ തബലിസ്റ്റും. ഇവർക്കൊപ്പം കഥാപ്രസംഗവേദികളിൽ പിന്നണി പാടാൻ കൂടി. ഇക്കാലത്ത് കുന്നുതറ ശ്രീധരൻപിള്ള സാറിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു.പിന്നീട് പി.ജി.ഗോപിനാഥൻ നായരുടെ ശിഷ്യയായി.
വേദികളിൽ നിന്ന് വിടവാങ്ങിയശേഷം ഇടക്കാലത്ത് കുട്ടികൾക്ക് സംഗീത ക്ളാസെടുത്തു. മാനസിക വൈകല്യമുള്ള കുട്ടികളുടെ സ്കൂളിൽ സംഗീതം പഠിപ്പിച്ച് കുട്ടികളെ മത്സരങ്ങളിൽ വിജയികളാക്കി. ചില്ലറ ആരോഗ്യ പ്രശ്നങ്ങളായതോടെ അതും നിറുത്തി.1500 രൂപയുടെ കലാകാര പെൻഷനിലാണ് ഇപ്പോഴത്തെ നിലനില്പ്.ഫോൺ: 9946608535.
പ്രശസ്തിയുടെ നാളുകൾ
രോഹിണിയുടെ പാട്ട് കേൾക്കാനിടയായ ഇന്ത്യൻ ഡാൻസ് അക്കാഡമിയുടെ അധിപൻ കലാമണ്ഡലം ഗംഗാധരൻ രോഹിണിയെ തന്റെ സമിതിയിലേക്ക് ക്ഷണിച്ചു. തുടർന്നുള്ള 25 വർഷം ഇന്ത്യയിലെമ്പാടും പരിപാടികൾ. ജർമ്മനി അടക്കമുള്ള വിദേശ രാജ്യങ്ങളിലും പോയി. അന്ന് മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം പ്രിയപ്പെട്ട ഗായികയായി വള്ളികുന്നം രോഹിണി വളർന്നു. ഇവരുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠത്തിമാരെ വിവാഹം കഴിപ്പിക്കേണ്ട കടമ രോഹിണിക്കായി. സഹോദരിമാരായ ഈശ്വരിയും പങ്കജാക്ഷിയും പത്മാക്ഷിയും കുടുംബിനികളായി മാറിയതിന്റെ ബാദ്ധ്യതകളൊക്കെ തീർന്നപ്പോഴേക്കും രോഹിണിയുടെ പ്രായം 40 പിന്നിട്ടു. അതോടെ ഇനി വിവാഹം വേണ്ടെന്ന തീരുമാനമെടുത്തു.
വഴികാട്ടിയുടെ വീഴ്ച
കലാമണ്ഡലം ഗംഗാധരൻ ശാരീരിക അവശതകളാൽ കിടപ്പിലായതോടെ ഇന്ത്യൻ ഡാൻസ് അക്കാഡമിയുടെ പരിപാടികൾ കുറഞ്ഞു. ഒപ്പം നാടകവും ഗാനമേളയും വേദികൾ കൈയടക്കി. എങ്കിലും പിതൃതുല്യം സ്നേഹിച്ച ഗംഗാധരൻ മാസ്റ്രറുടെ ആഗ്രഹപ്രകാരം സമിതി ഒരിക്കൽ കൂടി രമണൺ നൃത്തരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. 1998ൽ ആദിനാട് ശക്തികുളങ്ങര ക്ഷേത്ര മൈതാനത്ത്, രമണൻ അവതരിപ്പിച്ച് ക്ളൈമാക്ലിലേക്ക് എത്തുമ്പോൾ, കൊല്ലത്തെ വീട്ടിൽ ഗംഗാധരൻ മാഷിന്റെ ജീവിതത്തിനും തിരശീല വീണു.