 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന് നടത്തിപ്പുകാർ

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ അണ്ടർവാട്ടർ ടണൽ എക്സ്പോയ്ക്ക് അനുമതി നൽകാൻ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് എക്സ്പോ നടത്തിപ്പ് സ്ഥാപന പ്രതിനിധിയുടെ വെളിപ്പെടുത്തൽ. ഇതോടെ ചെയർമാൻ രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ കൗൺസിൽ തീരുമാനം മാനിക്കാതെ ചില ഉദ്യോഗസ്ഥരാണ് എക്സ്പോയ്ക്ക് അനുമതി നൽകിയതെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാനും വ്യക്തമാക്കി.

ചെയർമാനെതിരെ പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭാ മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് അല്പനേരം സംഘർഷത്തിനിടയാക്കി. ബീച്ച് എക്സ്പോ വിഷയത്തിൽ കോൺഗ്രസും സി.പി.എമ്മും കൂട്ടുകച്ചവടം നടത്തുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. ഇതിനിടെ ബീച്ചിൽ ഡിസംബർ 27ന് തുടങ്ങിയ എക്സ്പോ ഇന്നലെയോടെ അവസാനിപ്പിച്ചു.

ഡിസംബർ 13 നാണ് ബീച്ച് എക്സ്പോയ്ക്ക് അനുമതി തേടി ഓഷ്യാനോസ് എക്സ്പോ അധികൃതർ നഗരസഭയെ സമീപിച്ചത്. എന്നാൽ മുല്ലയ്ക്കൽ ചിറപ്പു കാലമായതിനാൽ ആ സമയത്ത് അനുവാദം നൽകാനാവില്ലെന്നും ചിറപ്പിന് ശേഷം മതിയായ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ ഡിസംബർ 27 മുതൽ പ്രദർശനത്തിന് അനുമതി നൽകാനും നഗരസഭ തീരുമാനിച്ചു. സമുദ്രാന്തർഭാഗത്തെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള വിസ്മയ കാഴ്ചകളാണ് എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ തീരപരിപാലന നിയമം നിലനിൽക്കുന്നതിനാൽ ഈ പ്രദർശനം അനുവദിക്കാനാവില്ലെന്ന് കളക്ടർ നിർദ്ദേശം നൽകി. ഇതോടെ ഓഷ്യാനോസ് ഹൈക്കോടതിയെ സമീപിച്ചു. ആവശ്യമായ രേഖകളുടെയും അനുമതികളുടെയും അടിസ്ഥാനത്തിൽ എക്സ്പോയ്ക്ക് അനുമതി നൽകാമെന്ന് കോടതി ഉത്തരവായി. ഇതിനിടെയാണ്, ചെയർമാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് മൊബൈൽഫോൺ സംഭാഷണം പുറത്തുവിട്ട് ഓഷ്യാനോസ് ഓപ്പറേഷൻസ് ഹെഡ് ആർച്ചാ ഉണ്ണി ആരോപിച്ചു. മറ്റു പാർട്ടിക്കാർക്കും പണം നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെടുന്നുണ്ട്. ജനുവരി 22 വരെയാണ് പ്രദർശനത്തിന് അനുമതി നൽകിയിരുന്നത്.

 വ്യവസ്ഥകൾ പാലിച്ചില്ല

എക്സ്പോ സംഘടിപ്പിക്കുമ്പോൾ നിർബ്ബന്ധമായും പാലിക്കേണ്ട ചില വ്യവസ്ഥകൾ സംഘാടകർ പാലിച്ചില്ലെന്നു നഗരസഭാ അധികൃതർ പറയുന്നു. പ്രത്യേകിച്ച് ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ അനുവാദം തേടിയിരുന്നില്ല. ഇതിനിടെ പ്രദർശന കാലാവധി കുറച്ചു ദിവസം കൂടി നീട്ടിക്കിട്ടാൻ സംഘാടകർ നഗരസഭയെ സമീപിച്ചു. ജനുവരി 20 ന് ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സംഭവം ചർച്ചയ്ക്കും ഒച്ചപ്പാടിനും കാരണമായി. നഗരസഭാ ചെയർമാനോ മുനിസിപ്പൽ എൻജിനിയറോ അറിയാതെ ചില ഉദ്യോഗസ്ഥരാണ് എക്സ്പോയ്ക് പിന്നിലെന്ന് ഭൂരിഭാഗം കൗൺസിലർമാരും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ഉള്ളതായും ചിലർ ആരോപണമുയർത്തി. അങ്ങനെയാണ് എക്സ്പോ അവസാനിപ്പിക്കുന്നതിന് കമ്പനിക്ക് നിർദ്ദേശം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. ഇതിന്റെ അടുത്ത ദിവസമാണ് ചെയർമാനെതിരെ സാമ്പത്തിക ആരോപണം ഉയർന്നത്.