ആലപ്പുഴ: ബീച്ചിൽ എക്സ്പോ നടത്താൻ മുനിസിപ്പൽ ചെയർമാൻ10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഓഷ്യാനോസ് എക്സ്പോ നടത്തിപ്പിന്റെ ചുമതലയുള്ള നീൽ എന്റർടൈൻമെന്റ് ഓപ്പറേഷൻസ് ഹെഡ് ആർച്ചാ ഉണ്ണി ചാനലുകളോട് വെളിപ്പെടുത്തി. ചെയർമാനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും അവർ പുറത്തുവിട്ടു.
അനുമതിയുടെ കാര്യം സംസാരിക്കാൻ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. താനും ഭാർത്താവുമൊന്നിച്ച് പോയി. ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. നഗരസഭയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. സി.പി.എമ്മിനും ചെറിയൊരു സംഭാവന നൽകണം. അതിന് പുറമെ 1000 പാസുകൾ ചെയർമാനു നൽകണമെന്നും പറഞ്ഞു. പരാതികൾ ഉണ്ടാവാതിരിക്കാൻ മറ്റു തസ്തികകളിലുള്ളവർക്കായി 500 ഉം പിന്നെ 100, 200 പാസുകളും ആവശ്യപ്പെട്ടു. മൂന്ന് പാർട്ടികൾക്കും തങ്ങൾ സംഭാവന നൽകാറുണ്ടെന്നും രസീത് കൈവശമുണ്ടെന്നും ആർച്ച പറയുന്നത് സംഭാഷണത്തിൽ കേൾക്കാം.