പത്തനാപുരം: ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഡോ. ഗോകുലം ഗോപകുമാറിന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ അവാർഡിന് കായംകുളം പ്രവാസി ചാരിറ്റി ചെയർമാൻ എബി ഷാഹുൽ ഹമീദ് അർഹനായി. 11,111 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. പുത്തൂർ മിനിമോൾ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്, സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ ചെയർമാനുമായ ഡോ. ഗോകുലം ഗോപകുമാറിന്റെ പേരിലുള്ള മൂന്നാമത് അവാർഡാണിത്.
സൗദി അറേബ്യയിൽ സേവനം അനുഷ്ടിക്കുന്ന ഷാഹുൽ ഹമീദ് നിർദ്ധനരായ രോഗികൾക്ക് ഏർപ്പെടുത്തിയ മെഡിക്കൽ കാർഡ് പദ്ധതിയിലൂടെ ഒൻപത് വർഷമായി നാട്ടിലെ 100 രോഗികൾക്ക് പ്രതിമാസം ആയിരത്തിയഞ്ഞൂറ് രൂപയോളം വിലവരുന്ന മരുന്നുകൾ നൽകുന്നു. നാല് നിർദ്ധന യുവതികളുടെ വിവാഹം നടത്തി. കായംകുളം ഗവ. ആശുപത്രിയിലേക്ക് വീൽചെയർ, സ്ട്രച്ചർ തുടങ്ങിയവ വാങ്ങി നല്‍കുകയും ചെയ്തു. ജനുവരി 24ന് രാവിലെ 11ന് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.