 വേനൽ കടുക്കുന്നതോടെ ആധിയിലാവുന്നത് ഫയർഫോഴ്സ്

ആലപ്പുഴ: വേനലിന് ക‌ുപ്പമേറിയതോടെ ചെറുതും വലുതുമായുണ്ടാവുന്ന തീപിടിത്തങ്ങളെ നേരിടാൻ വെള്ളം കിട്ടാതെ ഫയർഫോഴ്സ് വലയുന്നു. അടുപ്പിൽ തീയൊന്ന് ആളിയാലും ഫയർഫോഴ്സിനെ വിളിക്കുമ്പോൾ, വെള്ളമെവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാവും ഡ്രൈവർ മുതലുള്ള ജീവനക്കാർ.

ഇന്നലെ പാതിരപ്പള്ളി കെ.എസ്.ഡി.പിക്ക് സമീപം പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ഫയർഫോഴ്സിനെ സഹായിക്കാൻ വാട്ടർ അതോറിട്ടി കാളാത്ത് മുതൽ എസ്.ഡി കോളേജ് വരെ 30 സ്ഥലങ്ങളിൽ വാട്ടർ ഹൈഡ്രന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും കടലാസിലൊതുങ്ങി.

നഗര പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങൾ കൂടുതലും. റോഡരികിലും മറ്റുമുണ്ടാകുന്ന അഗ്നിബാധ പൊതുവെ വരണ്ട കാലാവസ്ഥയിൽ വൻ ദുരന്തമായി മാറാനുള്ള സാദ്ധ്യതയേറെയാണെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകുന്നു. നഗരപ്രദേശങ്ങളിലെ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകൾക്കും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. റെയിൽവേ ലൈനിനോട് ചേർന്ന കുറ്റിക്കാടുകൾക്ക് മിക്ക ദിവസവും തീപിടിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച് തുടക്കത്തിലാണ് 'ചപ്പു ചവർ തീപിടിത്തം' തുടക്കഥയായിരുന്നത്. എന്നാൽ ഇത്തവണ ചൂട് കൂടിയതിനാൽ ജനുവരി ആദ്യവാരം മുതൽതന്നെ തീപിടിത്തം പതിവായി.

ജില്ലയിൽ ഇന്നലെ 34 ഡിഗ്രിയായിരുന്നു ചൂട്. അശ്രദ്ധമായി ചപ്പുചവറുകൾ കത്തിക്കുന്നതാണ് ചെറിയ തോതിലുള്ള തീപിടിത്തങ്ങൾക്ക് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

................................

 കഴിഞ്ഞ വർഷം ജില്ലയിലെ തീപിടിത്തങ്ങൾ: 400

 കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക്: 20

 കഴിഞ്ഞ മാസം ആലപ്പുഴ നഗരത്തിൽ: 37

.......................................

# മുൻകരുതൽ

 മാലിന്യങ്ങൾ കത്തിക്കുന്നവർ അവ പൂർണമായും കത്തിത്തീർന്നു എന്ന് ഉറപ്പാക്കണം

 അവശേഷിക്കുന്ന തീ വെള്ളമൊഴിച്ച് അണയ്ക്കണം

 സിഗരറ്റ് കുറ്റി, സാമ്പ്രാണി, തീപിടിക്കാൻ ഇടയുള്ള സാധനങ്ങൾ എന്നിവ വലിച്ചെറിയരുത്

 വൈദ്യുതി ലൈനുകളിലെ തകരാറുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം

 തീ പടരുമെന്നു തോന്നിയാൽ ഫയർഫോഴ്സിനെ അറിയിക്കണം

...................................

# ഈ വർഷത്തെ തീപിടിത്തങ്ങളും

ഫയർഫോഴ്സിന്റെ ആശ്രയവും

 ആലപ്പുഴ നഗരം: 37

വെള്ളം: സ്റ്റേഷനിലെ കുളം മാത്രം ആശ്രയം. ബോർവെൽ കുഴിക്കാൻ സാധിക്കില്ല. തോടുകളിലെ ആഴുക്ക് കലർന്ന വെള്ളം ഉപയോഗശൂന്യം. വാട്ടർ അതോറിട്ടി വെള്ളം തികയുന്നില്ല

 ചേർത്തല: 7

വെള്ളം: വാട്ടർ അതോറിട്ടി, പൊതുജലാശയങ്ങൾ

 കായംകുളം: 10

വെള്ളം: വാട്ടർ അതോറിട്ടിയിൽ നിന്ന് ലഭ്യമാകുന്നത്

 മാവേലിക്കര: 9

വെള്ളം: വാട്ടർ അതോറിട്ടി

 ഹരിപ്പാട്: 8

വെള്ളം: വാട്ടർ അതോറിട്ടി, ക്ഷേത്രക്കുളം

.............................................

# വെള്ളത്തിനായി കുളം കുത്തി

ആലപ്പുഴയിലെ അഗ്നിശമന സേനയ്ക്ക് വെള്ളം കിട്ടാതായതോടെ ജീവനക്കാരുടെ നേതൃത്വത്തിൽ ചാല് കുളമാക്കിയെടുത്തു. രണ്ട് വർഷം മുമ്പാണ് ഇൗ കുളം നിർമ്മിച്ചത്. ജീവനക്കാർ സ്വന്തം നിലയിൽ പണം സ്വരൂപിച്ചായിരുന്നു നിർമ്മാണം. അടുത്ത മാസം പകുതിയോടെ ഇൗ ചാല് പൂർണമായി വറ്റും. ഇതിന് പരിഹാരമായി ബോർവെൽ കുഴിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം ലഭ്യമായില്ല. വേനൽ കടുത്താൽ തോട്ടിലെ ചെളിവെള്ളം മാത്രമാണ് നിലവിലെ ആശ്രയം.