അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെയും സഹകരണ എൻജിനീയറിംഗ് കോളേജിലെയും കരാർ ജീവനക്കാരും ദിവസവേതന ജീവനക്കാരും നടത്തുന്ന സമരം 8 ദിവസം പിന്നിടുന്നു. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
91 കരാർ ജീവനക്കാരും 31 ദിവസ വേതനക്കാരും 51 ശുചീകരണ തൊഴിലാളികളുമാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ ജീവനക്കാർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം 10,000 രൂപയാണ്. ഇത് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരനും സഹകരണ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നുവെന്നും സമരക്കാർ പറയുന്നു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള കേപ്പ് കോൺട്രാക്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.