പരിക്കില്ലാതെ മുഴുവൻ പേരെയും രക്ഷിച്ചു
രക്ഷപ്പെട്ടവരിൽ ആറുമാസം പ്രായമായ കുഞ്ഞും
ചേർത്തല: കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന 13 അംഗ സംഘവുമായി വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം കത്തിയമർന്ന ഹൗസ്ബോട്ടിൽ നിന്ന് മുഴുവൻ പേരെയും ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരും സ്പീഡ് ബോട്ടിലെത്തിയ പൊലീസ് സംഘവും ചേർന്ന് അദ്ഭുതകരമായി രക്ഷിച്ചു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് സജിയുടെ സമയോചിത ഇടപെടലും തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തെ അതിജീവിക്കാൻ സഹായിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണൽ ദ്വീപിന് 200 മീറ്റർ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള, കണ്ണൂർ സ്വദേശികളായ യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്. ആറുപേർ സ്ത്രീകളായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് കാറുകളിൽ കുമരകം കവണാറ്റിൻകരയിൽ എത്തിയ സംഘം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓഷ്യാനസ് എന്ന ബോട്ടിൽ യാത്ര ആരംഭിച്ചത്. ഇന്നു രാവിലെ 10നാണ് യാത്ര അവസാനിക്കേണ്ടിയിരുന്നത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും തീപടർന്ന് ബോട്ട് കത്തി അമരുകയായിരുന്നു. മട്ടന്നൂർ ജാസ്മിൻസ് നെല്ലൂരി ജാസിം മൻസിലിൽ നിഷാദ് (31), ഭാര്യ അൻഷീറ, ഇസാം മറിയം (ആറ് മാസം), പനയിൽ നിജാസ് (36), നൂർജഹാൻ (29), ഇവരുടെ മക്കളായ ഇസാൻ (7), ഇസാക്ക് (3), അയിഷാസിൽ ലത്തിഫീന്റെ ഭാര്യ ഐഷ (46), മകൻ മുഹമ്മദ് ഫസൽ (24),സാനിയാനിൽ താഹിറ (43), സാനിയാത്ത് സാനിയ(20),ഷെഹിലാസിൽ നശ്വ (21), ജാസ്മിൻസിൽ റിഷാദ് (31) എന്നിവരും ജീവനക്കാരുമാണ് ആയുസിന്റെ ബലംകൊണ്ട് രക്ഷപ്പെട്ടത്.
തീ പടർന്നു പിടിച്ചതോടെ സ്രാങ്ക് ഇടയാഴം സജി ഭവനിൽ സജി ദ്വീപിന് സമീപത്തേക്ക് ബോട്ട് പായിച്ചു. ഈ സമയം ഇതുവഴി വന്ന ജലഗതാഗത വകുപ്പിന്റെ എസ്-54 ബോട്ടിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ഹൗസ്ബോട്ടിന് അടുത്തേക്ക് എത്തി. നിമിഷങ്ങൾക്കകം മുഹമ്മ പൊലീസിന്റെ നേതൃത്വത്തിലുള്ള സ്പീഡ് ബോട്ടും സ്ഥലത്തെത്തി. ശിക്കാര വള്ളക്കാരും രക്ഷാപ്രവർത്തനത്തിനു വന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ ഏതാനും പേരെ പൊലീസ് ബോട്ടിലാണ് കരയിലേക്കു കൊണ്ടുപോയത്. ആറുപേരെ യാത്രാബോട്ടിൽ കയറ്റി. സംഘത്തിലെ മുഴുവൻ പേരുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സകലമാന സാധനങ്ങളും കത്തിനശിച്ചു. പാസ്പോർട്ട്, ഇന്റർ നാഷണൽ ലൈസൻസ് എന്നിവയും തീയിൽപ്പെട്ടു. ടൂറിസം ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ ടൂറിസം ഗസ്റ്റ് ഹൗസിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കി.
സിഗരറ്റിൽ നിന്ന്?
ബോട്ടിന്റെ മുകൾത്തട്ടിൽ നിന്നാണ് തീ പടർന്നത്. അടുക്കള ഭാഗം താഴെ ആയതുകൊണ്ട് മുകളിൽ തീ പിടി
ച്ചു തുടങ്ങാനുള്ള സാഹചര്യം കുറവാണ്. യാത്രക്കാരിലെ പുരുഷൻമാരിൽ ആരെങ്കിലും സിഗരറ്റ് വലിച്ചതിൽ നിന്നാവാം തീ പിടിച്ചതെന്ന് ജീവനക്കാർ സംശയിക്കുന്നു.
14 വർഷം പഴക്കം
തലയാഴം സ്വദേശി സിജിമോന്റെ പേരിലാണ് ഓഷ്യാനോസ് ബോട്ട്. മുഹമ്മ സ്വദേശി കണ്ടത്തിൽ ദാസിന്റെ പേരിലായിരുന്ന ഹൗസ്ബോട്ട് സിജിക്ക് കൈമാറിയത് 2019 ഡിസംബറിലാണ്. 2020 ജൂൺ വരെ കാരാർ കാലാവധിയുണ്ട്. ധാരണപ്രകാരമുള്ള മുഴുവൻ വിലയും കൈമാറിയിട്ടില്ല. അതിനാൽ ലൈസൻസ് ദാസിന്റെ പേരിലാണ്. 14 വർഷം പഴക്കമുള്ള ബോട്ടിൽ രണ്ട് നിലകളിലായി നാലു മുറികളുണ്ട്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ഒന്നും ബോട്ടിൽ ഇല്ലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.