ആലപ്പുഴ: ജി.എസ്.ടി ആർ വൺ ഫയൽ ചെയ്യുമ്പോൾ വെബ് സൈറ്റ് തകരാറിലാവുന്നതിനാൽ തങ്ങളുടേതല്ലാത്ത കുറ്റത്തിന് വ്യാപാരികൾ പിഴ അടയ്ക്കേണ്ട സാഹചരുമാണ് നിലനിൽക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.
തീയതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും നിരവധി വ്യാപാരികൾക്ക് ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിട്ടില്ല. വെറും ഒന്നര ശതമാനം പേർക്കു മാത്രമേ ഒരേ സമയം നെറ്റിൽ കയറി ലോഗിൻ ചെയ്യാൻ കഴിയുകയുള്ളൂ. അവസാന ദിവസം എല്ലാവരും ഒരുമിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ശ്രമിച്ചതാണ് വെബ് സൈറ്റ് തകരാറിലാവാൻ പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു. കണക്കുകൾ ശരിയാക്കുന്ന പ്രാക്ടീഷണർമാരുടെ ജോലി ഭാരവും കണക്കുകൾ ക്രോഢീകരിച്ച് പ്രാക്ടീഷണർമാർക്ക് നൽകാനെടുക്കുന്ന കാലതാമവും മൂലം റിട്ടേൺ ഫയൽ ചെയ്യൽ അവസാന ദിവസത്തേക്ക് നീളുമ്പോൾ പത്ത് മിനിറ്റ് എടുത്തിരുന്ന ഫയലിംഗ് ഒരു ദിവസം മുഴുവൻ ശ്രമിച്ചാലും തീരുന്നില്ല. അഞ്ച് ശതമാനം വ്യാപാരികൾക്കെങ്കിലും ഒരേ സമയം സൈറ്റിൽ ലോഗിൻ ചെയ്യാൻ സൗകര്യമൊരുക്കിയാൽ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയുണ്ട്. ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടുകയോ വേണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.