ആലപ്പുഴ: സാമ്പത്തിക ആരോപണത്തെ തുടർന്ന് വിവാദത്തിൽപ്പെട്ട ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഇന്നലെ വിജിലൻസിന് പരാതി നൽകി. നഗരസഭാ കൗൺസിൽ അനുമതി നൽകാതിരുന്നിട്ടും ബീച്ച് എക്സ്പോ നടത്താൻ സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതി.

ഇതു സംബന്ധിച്ച ഫയലുകൾ നോക്കിയ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം.അനുമതി നൽകിയതിൽ നഗരസഭയിലെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നഗരസഭ സെക്രട്ടറിക്കും ചെയർമാൻ കത്തു നൽകി. തനിക്കെതിരെ ഫോൺ വിളിയുടെ ശബ്ദരേഖ പുറത്തുവിട്ട സ്വകാര്യ സംരംഭകയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് കുഞ്ഞുമോൻ പറഞ്ഞു. ഒന്നരമണിക്കൂർ ഉണ്ടെന്നുപറയുന്ന ആഡിയോ പുറത്തുവിടണം. കൈക്കൂലി ആവശ്യപ്പെടുന്നതായി ഉണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. വിവാദവുമായി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിക്കണമെന്നും സൈബർ ആക്ട് പ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.