ആലപ്പുഴ: 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം" എന്ന പേരിൽ സംഘടിപ്പിക്കുന്ന ആർദ്രം ജനകീയ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി ആശുപത്രികളെയും ആരോഗ്യകേന്ദ്രങ്ങളെയും ജനസൗഹൃദ കേന്ദ്രങ്ങളാക്കുക, രോഗപ്രതിരോധ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ചിട്ടുള്ള ആർദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. എം.എൽ.എമാരായ അഡ്വ. യു. പ്രതിഭ , ഷാനിമോൾ ഉസ്മാൻ, സജി ചെറിയാൻ, ആർ. രാജേഷ് എന്നിവർ സംബന്ധിക്കും. കളക്ടർ എം. അഞ്ജന മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സന്ദേശവുംം നല്കും. ഫെബ്രുവരി നാലിന് ജില്ലയിൽ ഒട്ടാകെ 500 കാൻസർ ബോധവത്കരണ ക്ലാസുകളും നടക്കുമെന്ന് ഡോ. എൽ.അനിതകുമാരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.കെ.ദീപ്തി, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർ അരുൺലാൽ എന്നിവരും പങ്കെടുത്തു.