ഹരിപ്പാട്: ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ പേരിൽ സാരംഗ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ശ്രീകുമാരൻ തമ്പി - സാരംഗ പ്രഥമ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് 4ന് ഹരിപ്പാട് ശബരീസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും നാദമയൂരം ശില്പവും അടങ്ങുന്ന പുരസ്കാരത്തിന് ഗായിക വാണി ജയറാമാണ് അർഹയായത്.
പ്രളയം കാരണം മാറ്റിവെച്ച 2018ലെ സാരംഗ പുരസ്കാരം ഗാനരചയിതാവ് ദേവദാസ് ചിങ്ങോലിക്ക് സമ്മാനിക്കും. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്യും. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനാകും. മന്ത്രിയും ശ്രീകുമാരൻ തമ്പിയും ചേർന്ന് വാണി ജയറാമിന് പുരസ്കാരം സമർപ്പിക്കും. 2018ലെ പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേവദാസിന് സമ്മാനിക്കും. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് ഗാനമേള. തുടർന്ന് ശ്രീകുമാരൻ തമ്പി രചനയും സംഗീതവും നിർവഹിച്ച് എം.ജി. ശ്രീകുമാർ ആലപിച്ച ഹരിപ്പാടിനെ പറ്റിയുള്ള ഗാനത്തിനും ദേവദാസ് ചിങ്ങോലി രചിച്ച ഗാനത്തിനും സാരംഗയുടെ നൃത്താവിഷ്കാരം നടക്കും. ഡോ. സജിത്ത് ഏവൂരേത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. പി. പ്രസാദ്, ടി.കെ ദേവകുമാർ, അഡ്വ.ബി. ബാബുപ്രസാദ്, വിജയമ്മ പുന്നൂർമഠം, ജോൺ തോമസ്, എം.ബി. അനിൽ മിത്ര, എം. സത്യപാലൻ, കെ.എം രാജു, എം. ലിജു, കെ. സോമൻ, എം.കെ. വിജയൻ, കെ. കാർത്തികേയൻ, കെ. എസ് വിനോദ്, പ്രൊഫ. കോഴിശേരി രവീന്ദ്രനാഥ്, ഡോ. അജു നാരായണൻ, പ്രൊഫ. രാജേഷ്, ആർ. ഹരീഷ് ബാബു, കലാമണ്ഡലം വിജയകുമാരി എന്നിവർ സംസാരിക്കും. അഡ്വ. ടി.എസ്. താഹ സ്വാഗതവും എസ്. കൃഷ്ണകുമാർ നന്ദിയും പറയും. ചടങ്ങിൽ കലാ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കും. തുടർന്ന് നൃത്തസന്ധ്യ, സാക്സഫോൺ ഫ്യൂഷൻ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ സാരംഗ കൾച്ചറൽ ഫോറം ചെയർമാൻ എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സജീവ് മേനോൻ, ജോയിന്റ് കൺവീനർ ബിനു വിശ്വനാഥ്, ജൂറി അംഗം സജിത്ത് ഏവരേത്ത് എന്നിവർ പങ്കെടുത്തു.