ആലപ്പുഴ: മാർക്ക് കുറഞ്ഞതിന്റെ പേരിൽ അദ്ധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. അരൂർ സ്റ്റേഷൻ ഹൗസ്ഓഫീസർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവിൽ പറയുന്നു.
അരൂർ മെഴ്‌സി സ്‌കൂളിലാണ് സംഭവം നടന്നത്. അച്ഛൻ ചെയ്തത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ചേർത്തല സ്വദേശിയാണ് വാട്ട്സാപ്പിലൂടെ കമ്മിഷന് വീഡിയോ ദൃശ്യം അയച്ചുകൊടുത്തത്. ക്ലാസ് മുറിയിൽ ടീച്ചറുടെ മുന്നിൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന രംഗം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.