ആലപ്പുഴ:കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറക്കിയപ്പോൾ തിളങ്ങി ആലപ്പുഴ ജില്ല. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കി വന്നപ്പോൾ ജില്ലയ്ക്ക് ലഭിച്ചത് അഞ്ച് ജനറൽ സെക്രട്ടറിമാരെ. മുൻ എം.എൽ.എ മാരായ ഡി.സുഗതൻ, എം.മുരളി, എ.എ.ഷുക്കൂർ എന്നിവരും ജോൺസൺഎബ്രഹാമും കോശി.എം.കോശിയുമാണ് ജനറൽ സെക്രട്ടറിമാരായത്.
ഡി.സുഗതൻ
ജില്ലയിലെ മുതിർന്ന നേതാവ്.കെ.എസ്.യുവിലൂടെ തുടക്കം.1970 മുതൽ 80 വരെ യൂത്ത് കോൺഗ്ര് ജില്ലാ പ്രസിഡന്റായി പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറി.തച്ചടി പ്രഭാകരനൊപ്പം ഡി.സി.സി ഭാരവാഹി.കെ.മോഹൻകുമാറിന്റെ നിര്യാണത്തെതുടർന്ന് 2000-ൽ ഡി.സി.സി പ്രസിഡന്റായി.2001-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി.അന്ന് നിയമസഭാ പാർലമെന്ററി പാർട്ടി ട്രഷററായിരുന്നു.1973 മുതൽ കെ.പി.സി.സി അംഗം.നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ത അനുയായി.20 വർഷമായി എസ്.എൻ.ട്രസ്റ്റ് അംഗം. ആലപ്പുഴയിലെ മുതിർന്ന അഭിഭാഷകരിലൊരാൾ.
എ.എ.ഷുക്കൂർ
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിൽ 1973ൽ കെ.എസ്.യു യൂണീറ്റ് പ്രസിഡന്റ് .തുടർന്ന് കെ.എസ്.യുവിൽ വിവിധ ചുമതലകൾ.മൂന്ന് വർഷം എസ്.ഡി കേളേജിൽ നിന്നും കേരള യൂണിവേഴ്സിറ്റി കൗൺസിലറായി.
കെ.എസ്.യു ജില്ലാ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയൻ നിർവാഹക സമിതി അംഗം, പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ കോൺഗ്രസിനോടൊപ്പം നിന്നു . കേരള യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറി, മൂന്ന് വർഷം കേരള യൂണിവേഴ്സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ആലപ്പുഴ നഗരസഭാംഗം.ആലപ്പുഴ നഗരസഭ ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് , ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. കെ.പി.സി.സി നിർവാഹക സമിതി അംഗമായി തുടരുന്നു.
ജോൺസൺ എബ്രഹാം
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി തുടക്കം.ഭരണിക്കാവ് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തോപ്പിൽ ഭാസിയുടെയും, കാമ്പിശ്ശേരി കരുണാകരന്റെയും സ്മാരകങ്ങൾ ജന്മനാട്ടിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തു.മദ്യവിരുദ്ധ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവം.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു.കറ്റാനം പുത്തൻ പറമ്പിൽ പി.വി.എബ്രഹാമിന്റെയും പി.എം. ഏലിയാമ്മ ടീച്ചറിന്റെയും മകൻ.വി.എം.സുധീരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മൂന്ന് കെ.പി.സി.സി പ്രസിഡന്റുമാരോടൊപ്പം ട്രഷററായി പ്രവർത്തിച്ചു.രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ എട്ട് വർഷക്കാലം കെ.പി.സി.സി സെക്രട്ടറിയായിരുന്നു.