വർഷങ്ങളായി പ്രവർത്തിക്കുന്നവരും നിരാശയിൽ
ആലപ്പുഴ:രജിസ്ട്രേഷനും മതിയായ സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഹൗസ് ബോട്ടുകൾ, ഔദ്യോഗിക തലത്തിൽ കൃത്യമായ പരിശോധനയുടെ അഭാവം, ടൂറിസ്റ്റുകളെ പിഴിയുന്ന പുത്തൻ പ്രവണത... ദുർബ്ബലപ്പെടുമെന്ന ആശങ്കയിലാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായം. മാന്യവും സുരക്ഷിതവുമായ രീതിയിൽ വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ഇപ്പോൾ നിരാശയിലാണ്.
വ്യാഴാഴ്ച പാതിരാമണലിന് സമീപം കത്തിയമർന്ന ബോട്ടിനെക്കുറിച്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ ഫലം ഞെട്ടിക്കുന്നത്. 2013ൽ താത്കാലിക രജിസ്ട്രേഷനിൽ വെള്ളത്തിലിറക്കിയ ഹൗസ് ബോട്ട് ഇത്രകാലം സഞ്ചാരികളുമായി കായൽ യാത്ര നടത്തിയത് ആവശ്യമായ ഒരു സർട്ടിഫിക്കറ്റുമില്ലാതെ! ബോട്ടിന് തീ പിടിച്ചത് പാതിരാമണലിലെ കരയോട് അടുത്ത സ്ഥലത്തായതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. അല്പം അകലേക്ക് മാറിയാണ് സംഭവമുണ്ടായതെങ്കിൽ കഥ മാറിയേനെ. 50 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഉടമകൾക്ക് ഉണ്ടായത്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ നഷ്ടപരിഹാര അപേക്ഷയുമായി ഇൻഷ്വറൻസ് കമ്പനിയുടെ ഏഴയലത്തുപോലും ചെല്ലാൻ ഉടമകൾക്ക് കഴിയില്ല.
നിരോധിച്ചെങ്കിലും നിർമ്മാണം
വേമ്പനാട് കായലിന് ഉൾക്കൊള്ളാവുന്നതിലധികം ഹൗസ് ബോട്ടുകൾ ഇപ്പോൾത്തന്നെ ഉണ്ടെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകേണ്ടതില്ലെന്ന് 2013ൽ ആണ് തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലായി ഏഴു കേന്ദ്രങ്ങളിൽ പുതിയ ബോട്ടുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഇതേപ്പറ്റി ആരും അന്വേഷിക്കുന്നില്ല. ആലപ്പുഴ ജില്ലയിൽ മാത്രം 775 ഹൗസ് ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം കുമരകത്ത് രജിസ്റ്റർ ചെയ്തത് 98 എണ്ണം. ഇതിൽ 13 ബോട്ടുകൾ റിസോർട്ടുകളുടേതാണ്. രണ്ട് ബെഡ് റൂമുകളുള്ള ഒരു ഹൗസ് ബോട്ടിന് പത്ത് വർഷം മുമ്പ് 25 ലക്ഷം രൂപ മതിയായിരുന്നെങ്കിൽ ഇപ്പോൾ 50 ലക്ഷത്തിന് മുകളിൽ വരും. നല്ലവരുമാനം കിട്ടിയാലും ഇൻഷ്വറൻസ് അടക്കമുള്ളവയ്ക്ക് പണം മുടക്കാൻ പലർക്കും മടിയാണ്.
പങ്കുവയ്ക്കുന്ന അപകടം
മുമ്പ് ഒരു കുടുംബമോ, സംഘമോ എത്തിയാൽ ഹൗസ് ബോട്ടുകൾ ഒന്നോ രണ്ടോ ദിവസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഒരേ ബോട്ടിൽ ഒന്നിലധികം സംഘങ്ങളെ തുക പങ്കിട്ട് കൊണ്ടുപോകുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. വരുന്നവർക്ക് അല്പം പണം ലാഭിക്കാമെന്നതാണ് നേട്ടമെങ്കിലും സുരക്ഷ അടക്കമുള്ള കാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
# ടൂറിസ്റ്റുകളുടെ വരവ് (വർഷം, വിദേശികൾ, സ്വദേശികൾ, ആകെ)
2017....75,037- 4,33,456- 5,084,93
2018....95,522- 5,11,490- 6,07,012
2019 (സെപ്റ്റംബർ വരെ)... 85,508- 3,61,333- 4,46,841
# വരുമാനം (വിദേശികൾ, സ്വദേശികൾ)
2017... 576.73 കോടി, 1408.36 കോടി
2018...763 കോടി, 1800 കോടി