ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് പുലത്തറ വീട്ടിൾ പരേതനായ സൈനുദ്ദീന്റെ മകൻ കബീർ (53) സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സൗദിയിലെ ഹോത്തയിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് അപകടമുണ്ടായത്.
ഡ്രൈവറായിരുന്ന കബീർ ജോലി സ്ഥലമായ റിയാദിൽ നിന്നു വാഹനത്തിൽ പോകവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് മാസം മുൻപ് മൂത്ത മകൾ നാഫിയയുടെ വിവാഹത്തിന് നാട്ടിൽ വന്ന ശേഷം 18 ദിവസം മുമ്പാണ് തിരികെ മടങ്ങിയത്. സലീനയാണ് ഭാര്യ.
മറ്റു മക്കൾ: നാജിയ, മുഹമ്മദ് സിനാൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.