ചേർത്തല:തണ്ണീർമുക്കത്തെ തൊഴിലുറപ്പ് പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധേയമായി.തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കുരുന്നുകൾക്ക് കളിക്കളങ്ങൾ ഒരുക്കിയാണ് തൊഴിലാളികൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചത്.ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ ജലസംഭരണികൾ നിർമ്മിച്ച തണ്ണീർമുക്കം ഇപ്പോൾ കുരുന്നുകൾക്കായി വാരനാട് ഗവ.എൽ.പി സ്‌കൂളിൽ ഷട്ടിൽ കോർട്ടും തണ്ണീർമുക്കം ഗവ.എച്ച്. എസ്.എസിൽ വോളിബോൾ കോർട്ടും രണ്ട് ഷട്ടിൽ കോർട്ടുകളുമാണ് നിർമ്മിച്ചത്. വീട്,തൊഴുത്ത്,ആട്ടിൻകൂട്,കാന എന്നിവ നിർമ്മിച്ച് മുന്നേറുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.നടപ്പാതകൾ,റോഡുകൾ,പാലങ്ങൾ,അംഗൻവാടി കെട്ടിടങ്ങൾ,ചുറ്റുമതിൽ നിർമ്മാണം എന്നിവയുടെ നിർമ്മാണത്തിലൂടെ മികവാർന്ന പ്രവർത്തനമാണ് ഇവിടെ നക്കുന്നത്.ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതി എന്ന രൂപത്തിൽ കളിസ്ഥലങ്ങൾ മാറിക്കഴിഞ്ഞു.മിഷൻ സംസ്ഥാന ഡയറക്ടർ ദിവ്യ എസ്.അയ്യർ ഇത് നേരിൽ കാണുന്നതിനായി പഞ്ചായത്തിൽ എത്തും. കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിനുളള വർക്ക് ഷെഡ് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ 30ന് ആരംഭിക്കും.
തണ്ണീർമുക്കം സ്‌കൂളിൽ നിർമ്മിച്ച കളി സ്ഥലത്തിന്റെ നിർമ്മാണം ആറ് തൊഴിലാളികൾ ചേർന്ന് 210 തൊഴിൽ ദിനങ്ങളിലൂടെയാണ് പൂർത്തീകരിച്ചത്. 7.36 ലക്ഷം രൂപ ചിലവായി.കളിസ്ഥലങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.സുധർമ്മ സന്തോഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിത അദ്ധ്യക്ഷ സിന്ധു വിനു മുഖ്യ പ്രഭാഷണം നടത്തി.രമാമദനൻ,ബിനിത മനോജ്,രേഷ്മ രംഗനാഥ്,കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്,സാനുസുധീന്ദ്രൻ, ജോബിൻജോസഫ് ,എൻ.വി ഷാജി, സ്‌കൂൾ പ്രിൻസിപ്പൽ ജയലാൽ,എസ്.എം.സി ചെയർമാൻ സി.വിനു,പദ്ധതി കോ-ഓർഡിനേറ്റർ രഹന കിഷോർ എന്നിവർ സംസാരിച്ചു.