തുറവൂർ: ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വളയം കണ്ടത്തിൽ പി.സുരേന്ദ്രൻ (54) ആണ് മരിച്ചത്. ദേശീയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പ് മോർ ഔട്ട്‌ലെറ്റിന് സമീപം 22 ന് രാത്രി എട്ടോടെയായിരുന്നു അപകടം. വീടിന് പടിഞ്ഞാറുള്ള സ്വന്തം സ്ഥലം നനച്ചതിനു ശേഷം സൈക്കിളിൽ റോഡ് കുറുകെ കടക്കുമ്പോൾ ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റു ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച സുരേന്ദ്രനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. തുറവൂർ റൂറൽ ഹൗസിംഗ് സൊസൈറ്റി എ 698 ലെ ബോർഡ് അംഗമായിരുന്നു . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ബേബി, മക്കൾ: സിബിമോൾ, സിനി. മരുമക്കൾ: മനോജ്, സുജിത്ത്.