ambala

 വള്ളങ്ങൾ കടലിലിറക്കിയിട്ട് രണ്ട് മാസം

അമ്പലപ്പുഴ : കടലിൽ നിന്നുള്ള മീൻലഭ്യത കുറഞ്ഞതോടെ തീരദേശം വറുതിയുടെ പിടിയിൽ. തൊഴിലാളികളിൽ പലരും മത്സ്യബന്ധനത്തിന് കടലിൽ പോയിട്ട് രണ്ട് മാസത്തോളമായി.തൃക്കുന്നപ്പുഴ മുതൽ തൈക്കൽ വരെയുള്ള തീരത്തു നിന്നു നൂറു കണക്കിനു വള്ളങ്ങളാണ് ദിവസേന മത്സ്യബന്ധനത്തിനായി കടലിൽ പോയിരുന്നത്. എന്നാൽ, കടലിൽ പോയാൽ വെറും കൈയോടെ മടങ്ങേണ്ടി വന്നതോടെ വള്ളങ്ങൾ മുഴുവൻ കരയ്ക്ക് കയറ്റി വച്ചിരിക്കുകയാണ്. വറുതിയിൽ വലയുമ്പോഴും അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് മത്തസ്യത്തൊഴിലാളികളുടെ പരാതി. കാലവർഷത്തിനു ശേഷം ഇക്കുറി വളഞ്ഞവഴിക്കു സമീപം കുപ്പി മുക്കിലായിരുന്നു ചാകര ഉറച്ചത്.ചാകരക്കാലത്ത് പ്രതീക്ഷക്കൊത്തു മത്സ്യം കിട്ടാതിരുന്നതാണ് വള്ളമുടമകൾക്കും തൊഴിലാളികൾക്കും തിരിച്ചടിയായത്.ചാകരയിലെ പ്രധാന ഇനമായ വലിയ നാരൻ ചെമ്മീൻ ,അയല, കണവ ,ആവോലി തുടങ്ങിയവ ഇത്തവണ കണികാണാനില്ലായിരുന്നു. കടം വാങ്ങിയും പലിശക്കു പണമെടുത്തും ഇന്ധനം വാങ്ങി വള്ളങ്ങൾ കടലിലിറക്കിയവരെല്ലാം വൻ കടക്കെണിയിലായി.

 പൊന്തുവള്ളങ്ങൾക്കും

രക്ഷയില്ല

പുറക്കാട്, പുന്നപ്ര ,പറവൂർ, വാടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് ഒരാൾ പണിയെടുക്കുന്ന പൊന്തുവള്ളങ്ങൾ മത്സ്യ ബന്ധനത്തിന് പോകുന്നുണ്ടെങ്കിലും ഇവർക്കും കാര്യമായി മീൻ ലഭിക്കാറില്ല. ചന്തക്കടവുകളുടെ പ്രവർത്തനം മന്ദഗതിയിലായതോടെ ചുമട്ടുതൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ ജീവിതവും പരുങ്ങലിലായി