റെയിൽവേ ഗതാഗത നിയന്ത്രണം 27 മുതൽ 30വരെ
ആലപ്പുുഴ: ആലപ്പുഴ ബൈപാസിന്റെ നിർമ്മാണം ഏപ്രിൽ 30ഓടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. റെയിൽവേയുടെ രണ്ട് ഓവർ ബ്രിഡ്ജുകളും രണ്ട് അപ്രോച്ച് റോഡുകളും കളർകോട്,കൊമ്മാടി ജംഗ്ഷനുകളുടെ വികസനവും ഈ കാലയളവിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
കളക്ട്രേറ്റിൽ ദേശീയപാത വിഭാഗം ചീഫ് എൻജിനിയറുടെയും കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ബൈപ്പാസിലെ ഒരു റെയിൽവേ ഓവർബ്രിഡ്ജിന്റെ ഗർഡറുകൾക്ക് റെയിൽവേ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഗർഡറുകൾ സ്ഥാപിക്കുന്നതിന് വേണ്ടി റെയിൽ ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിന് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ കത്ത് നൽകി. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനായി ഈ ഭാഗത്തെ റെയിൽവേ ഗതാഗതം 27 മുതൽ 30 വരെ ദിവസേന രണ്ടുമണിക്കൂർ എന്ന നിലയിൽ ബ്ലോക്ക് ചെയ്യുന്നതിന് അനുമതി ലഭിച്ചു. രണ്ടാമത്തെ ഓവർ ബ്രിഡ്ജിന്റെ രണ്ടുബോൾട്ട് ഫിറ്റ് ചെയ്തു. മൂന്ന് എണ്ണം കൂടി ശരിയാക്കി സ്ഥാപിച്ച് കഴിഞ്ഞാൽ റെയിൽവേ ചീഫ് എൻജിനിയറുടെ പ്രതിനിധി സ്ഥലം പരിശോധിക്കും. റെയിൽ ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിന് 88456 രൂപ ഗർഡർ സ്ഥാപിക്കുന്ന രണ്ടു തവണയും റെയിൽവേയ്ക്ക നൽകേണ്ടതുണ്ട്. ഇതും സർക്കാർ അടച്ചിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു. എ.എം. ആരിഫ് എം.പിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കോൺക്രീറ്റിന് രണ്ടുമാസം
ഗർഡറുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് രണ്ടുമാസം വേണ്ടിവരും.മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ ഏപ്രിൽ 30ന് മുമ്പ് രണ്ടു ഓവർബ്രിഡ്ജും പൂർത്തിയാകും. പണി പൂർത്തീകരിച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആലോചിച്ച് ഉദ്ഘാടന തീയതി തീരുമാനിക്കും.
7.13 : ഗർഡർ സ്ഥാപിക്കാനായി 7.13 കോടി രൂപ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ കൈമാറി