ആലപ്പുഴ ആര്യാട് ഗ്രാമപഞ്ചായത്തിന് മാതൃകാ പഞ്ചായത്ത് പദവിയുടെ പ്രഖ്യാപനം നാളെ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാലിന്യ സംസ്കരണ രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കിയത് കണക്കിലെടുത്താണ് മാതൃകാ പഞ്ചായത്തായി ആര്യാടിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. രാവിലെ 11ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനോദ്ഘാടനവും മോഡൽ പഞ്ചായത്ത് പ്രഖ്യാപനവും അഡ്വ. എ.എം.ആരിഫ് എം.പി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, പഞ്ചായത്ത് അംഗം ബി.ബിപിൻരാജ്,സെക്രട്ടറി എ.റാഹിദ എന്നിവർ പങ്കെടുത്തു.