ആലപ്പുഴ: കുട്ടനാട്ടിലെ കാർഷിക മേഖലയിൽ ഓരുവെള്ള ഭീഷണി ഇല്ലാതാക്കാനുള്ള ബണ്ടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മേജർ,മൈനർ ഇറിഗേഷൻ അധികൃതർ ജില്ലവികസന സമിതി യോഗത്തിൽ അറിയിച്ചു.

വകുപ്പുകളുടെ പ്ലാൻ ഫണ്ട് പൂർണമായും കൃത്യതയോടെ വിനിയോഗിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കളക്ടർ അഞ്ജന യോഗത്തിൽ ആവശ്യപ്പെട്ടു.

അരൂർ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. ജനുവരി 29ഓടെ പ്രശ്നത്തിന് പരിഹാരമുറപ്പാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.നെഹ്രു ട്രോഫി വാർഡിൽ മനയ്ക്കച്ചിറ ഭാഗത്ത് കുടിവെള്ളം ലഭ്യമാക്കാൻ പുന്നമട,തൊട്ടാത്തോട് എന്നിവിടങ്ങളിൽ തോടിനുകുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ച് കണക്ഷൻ മാറ്റിക്കൊടുക്കുന്ന ജോലികൾ അമൃത് പദ്ധതി പ്രകാരം പുരോഗമിക്കുന്നതായും മാർച്ച് 31നകം പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് വ്യാപനം തടയാൻ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തി നടപടികൾ സ്വീകരിച്ചതായി എക്‌സൈസും പൊലീസും അറിയിച്ചു.പുകയില,മയക്കുമരുന്ന് ഉപയോഗത്തിന് 15 വീതം കേസുകൾ എടുത്തതായും ഓരോ സ്റ്റേഷനിലും രണ്ടുപൊലീസുദ്യോഗസ്ഥരെ ഇക്കാര്യത്തിന് മാത്രമായി പ്രത്യേകം നിയോഗിച്ചു.