ആലപ്പുഴ: ജില്ലയിലെ ഹൗസ്‌ബോട്ടുകളിൽ സുരക്ഷ സജ്ജീകരണങ്ങൾ ഉറപ്പാക്കുന്നതിന് സംവിധാനമൊരുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഹൗസ് ബോട്ടിന് തീ പിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ഇന്നലെ കലക്ടറേറ്റിൽ ചേർന്നത്. കലക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിച്ചു. എല്ലാ ഹൗസ്‌ബോട്ടുകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ നടപടികൾ ഉടൻ ആരംഭിക്കും. രജിസ്‌ട്രേഷൻ ഇല്ലാത്ത ബോട്ടുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകും. ജീവനക്കാരുടെ കുറവുമൂലം, രജിസ്‌ട്രേഷൻ ഉറപ്പാക്കുന്നതിൽ പോർട്ട് അതോറിറ്റിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാവുകയാണെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കും. സുരക്ഷാ സംബന്ധമായ മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിക്കും. നേവി, ടൂറിസം, പോലിസ്, അഗ്‌നിശമനസേന,തുറമുഖം, വൈദ്യുതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ, ജില്ലയിലെ ഹൗസ് ബോട്ട് ഉടമകളുടെ പ്രതിനിധികൾ, കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗം തുടങ്ങിയവർ അടങ്ങുന്നതാവും സമിതി.